
സമീകൃത പോഷകാഹരം കഴിക്കുന്നത് ആരോഗ്യകരമായ ചർമ്മ സംരക്ഷണത്തിന് അത്യാവശ്യമാണ്. സോഫ്റ്റ്ഡ്രിങ്ക്സ്, രുചിക്കായി കൃത്രിമ വസ്തുക്കൾ ചേർത്തിട്ടുള്ളതും പോഷകാംശം കുറഞ്ഞതുമായ ഭക്ഷണം, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ ഉണ്ടാക്കുകയും നമ്മുടെ ശരീരത്തിലെ ഉപ്പിന്റെ അളവ് കൂട്ടി ജലാംശം നഷ്ടപ്പെടാനും കാരണമാകും.ചർമ്മത്തിന് യുവത്വം നിലനിൽക്കണമെങ്കിൽ അകത്തു നിന്നും പുറത്തു നിന്നും സംരക്ഷിക്കണം.കൂടുതൽ നല്ല പച്ചക്കറികൾ ഭക്ഷിച്ചു രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചു കൗമാരക്കാരെ കൂടുതൽ ആരോഗ്യവാന്മാരാക്കാം.ആർത്തവം തുടങ്ങുന്ന, തുടരുന്ന കാലത്ത് ഇരുമ്പുസത്തുള്ള ഭക്ഷണം നന്നായി കഴിക്കണം. ഈ പ്രായത്തിൽ വിളർച്ച ബാധിക്കാൻ സാദ്ധ്യത ഏറെയാണ്. ഇലക്കറികൾ, പ്രത്യേകിച്ച് ചീര നിർബന്ധമായും ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം.വളരുന്ന പ്രായത്തിൽ ഡയറ്റിംഗ് വേണ്ട. തടി കൂടുന്നുണ്ടെന്നും 'സ്ലിം" ആവണമെന്നും തോന്നുന്നുണ്ടെങ്കിൽ ഭക്ഷണം കുറയ്ക്കാതെ വ്യായാമം കൂട്ടുക. ഭക്ഷണം കുറയ് ക്കുന്നത് പഠനത്തെയും പരീക്ഷയെയും കായികശേഷിയെയും ഒക്കെ ബാധിക്കും.
ആരോഗ്യകരമായ ശരീരത്തിനും ചർമകാന്തിക്കും കൗമാരക്കാർ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. എണ്ണ, കഫിൻ, അടങ്ങിയ ആഹാര പദാർത്ഥങ്ങൾ കൗമാര പ്രായക്കാരിൽ മുഖക്കുരു, ചൊറിഞ്ഞു പൊട്ടൽ അഥവാ ചൂടു പൊങ്ങൽ തുടങ്ങിയവ ഉണ്ടാക്കുന്നതാണ്. അമിത വിയർപ്പ്, കൂടുതൽ വിനോദങ്ങളിൽ ഏർപ്പെടുന്നത് തുടങ്ങിയവ പെട്ടെന്ന് തന്നെ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാൻ കാരണമാകും. അത് കൗമാരക്കാരുടെ ആരോഗ്യത്തെയും ചർമ്മത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും. കൂടുതൽ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാതിരിക്കാനും ചർമ്മത്തെ വരൾച്ചയിൽ നിന്നും സംരക്ഷിക്കാനും സഹായിക്കും.
കൗമാരക്കാരികളായ പെൺകുട്ടികൾ കൂടുതൽ സുന്ദരിയാകാൻ കൃത്രിമമായ ഒരുപാട് മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് സാധാരണമാണ്. പാർട്ടി, സ്പോർട്സ്, കോളേജ് ഫംഗ്ഷൻസ്,എന്നിവയിലൊക്കെ പങ്കെടുക്കുമ്പോൾ കൂടുതൽ സൗന്ദര്യവും ആകർഷകത്വവും ലഭിക്കാൻ ഇവർ ഒരുപാട് മേക്കപ്പ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു.കൗമാര പ്രായത്തിലുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആണ്. കൂടുതൽ രാസവസ്തുക്കളുടെ ഉപയോഗം ചർമ്മം വേഗത്തിൽ നശിപ്പിക്കാൻ ഇടയാക്കുന്നു. അതുകൊണ്ട് തന്നെ മികച്ച ബ്രാൻഡഡ് മേക്കപ്പ് ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. അല്ലാത്ത പക്ഷം പലതരത്തിലുള്ള അലർജിക്ക് കാരണമായേക്കാം. വീട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് മേക്കപ്പ് തുടച്ചു മാറ്റുക എന്നതാണ്. അതിനായി ക്ളെൻസിംഗ് മിൽക്ക് ഉപയോഗിക്കാം. കണ്ണിന്റെ മേക്കപ്പ് നീക്കം ചെയ്യാൻ ബേബി ഓയിൽ ആണ് കൂടുതൽ നല്ലത്.