
എണ്ണമയം കൂടുതലോ കുറവോ ഇല്ലാതെ ശക്തിയുള്ള മുടിക്ക് വീര്യം കുറഞ്ഞ ഷാമ്പു ഉപയോഗിക്കാം. സന്തുലിതാഹാരം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നവർക്ക് സാധാരണമുടി ഉണ്ടാവാൻ സാദ്ധ്യത കൂടുന്നു.ഒരേ സമയം എണ്ണമയമുള്ളതും വരണ്ടതുമായ മുടി വലിയൊരു പ്രശ്നമാണ്. ഇത്തരം മുടിയുള്ളവരുടെ തലയോടിന്റെ ചർമ്മം വരണ്ടതും താരനുള്ളതുമാവാം. താരൻ കൊണ്ട് രോമകൂപങ്ങൾ അടഞ്ഞിരിക്കുന്നതിനാൽ എണ്ണഗ്രന്ഥിയിൽ നിന്നുള്ള എണ്ണ മുടിയിലേക്കു വ്യാപിക്കുന്നത് തടയപ്പെടുന്നു. ഇത്തരം മുടിക്ക് കൂടുതൽ പരിചരണം വേണ്ടിവരും.
എണ്ണമയം കൂടുതലാണെങ്കിൽ അതിനു പറ്റിയ ഷാമ്പൂ, വരണ്ടതാണെങ്കിൽ അതിനു യോജിച്ച ഷാമ്പൂ എന്നിങ്ങനെ മാറ്റി ഉപയോഗിക്കേണ്ടിവരും. മുടിയുണക്കാനും ഹെയർസ്റ്റൈൽ ചെയ്യാനുമെല്ലാം നാം പല തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ടല്ലോ. ഹെയർ ഡ്രൈയർ കൊണ്ട് മുടിയുണക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. അഥവാ ചെയ്യുന്നുണ്ടെങ്കിൽ തലയുടെയും ഡ്രൈയറുടെയും ഇടയിൽ ചുരുങ്ങിയത് ആറിഞ്ചെങ്കിലും അകലം വേണം. വരണ്ടതും ആരോഗ്യം കുറഞ്ഞതുമായ മുടി ഡ്രെയർ കൊണ്ട് ഉണക്കരുത്. ടവ്വൽ ഉപയോഗിച്ച് മുടി തോർത്തി ഉണക്കുന്നതാണ് നല്ലത്. മുടി ചുരുട്ടുവാനും നേരെയാക്കാനുമുള്ള ഉപകരണങ്ങൾ നനഞ്ഞ മുടിയിൽ ഉപയോഗിക്കരുത്. ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.