
ഒരു സംസ്ഥാനം മുഴുവൻ ഉറ്റുനോക്കുന്ന തീപാറും പോരാട്ടത്തിന് വേദിയായ ഗ്ലാമർ മണ്ഡലം... ഏറ്റുമുട്ടുന്നത് രണ്ട് ശക്തർ. ഇതിൽ ഒരാൾക്ക് എന്തെങ്കിലും പരിക്കുപറ്റിയാൽ എന്താകും മറ്റേ സ്ഥാനാർത്ഥിയുടെ പ്രതികരണം. ബി.ജെ.പിയുടെ ദേശീയ മഹിളാമോർച്ച അദ്ധ്യക്ഷ വാനതി ശ്രീനിവാസനും നടൻ കമൽ ഹാസനും ഏറ്റുമുട്ടുന്ന കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ ചർച്ചാ വിഷയമായതാണിത്.
കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിൽ പ്രചാരണത്തിനിടെ സെൽഫിയെടുക്കാനെത്തിയ ആളുകളുടെ തിരക്കിൽപ്പെട്ട് കമൽഹാസന്റെ കാലിന് പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കമലിന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരുന്നു.
മക്കൾ നീതി മയ്യം സ്ഥാനാർത്ഥിയായ കമലിന് പരിക്കേറ്റ വിവരം അറിഞ്ഞ വാനതി അദ്ദേഹത്തിന്റെ സുഖാന്വേഷണം നടത്താൻ മറന്നില്ല. കമലിനായി ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ കൈവശം പഴക്കൂടകൾ കൊടുത്തയക്കുകയും ചെയ്തു വാനതി. ഒപ്പം വേഗം സുഖംപ്രാപിക്കാനുള്ള ആശംസകൾ അറിയിക്കുകയും ചെയ്തു.
കോയമ്പത്തൂർ മണ്ഡലത്തിലെ അതിഥികളുടെ സുഖമന്വേഷിക്കേണ്ടത് തന്റെ കടമയാണെന്നും വാനതി പറഞ്ഞിരുന്നു. എന്നാൽ, ഇപ്പറഞ്ഞ ' അതിഥി" പരാമർശം കമലിനത്ര രസിച്ചില്ല. ആരും പുറംനാട്ടുകാരല്ലെന്നും ഇന്ത്യയിൽ രാഷ്ട്രീയത്തിൽ ഇത്തരം പരാമർശം യുക്തിരഹിതമാണെന്നും താൻ ഇന്ത്യക്കാരനാണെന്നുമായിരുന്നു കമൽ പ്രതികരിച്ചത്. മഹാത്മാ ഗാന്ധി ഗുജറാത്തുകാരനല്ല മറിച്ച് ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നും കമൽ കൂട്ടിച്ചേർത്തു.
അണ്ണാ ഡി.എം.കെ മുന്നണിയിൽ നിന്ന് മത്സരിക്കുന്ന 50 കാരിയായ വാനതി തമിഴ്നാട്ടിലെ ബി.ജെ.പിയുടെ ശക്തരായ നേതാക്കളിൽ ഒരാളാണ്. കോൺഗ്രസിന്റെ മയൂരാ ജയകുമാർ, എ.എം.എം.കെയുടെ ആർ. ദൊരൈസ്വാമി എന്നിവരാണ് മറ്റു സ്ഥാനാർത്ഥികൾ.
കോയമ്പത്തൂർ സ്വദേശിനിയായ വാനതിയ്ക്ക് മണ്ഡലത്തിലെ നല്ലൊരു ഭാഗം വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പൊതുവെ ജനങ്ങൾക്കിടെയിൽ നല്ല സ്വാധീനവും വാനതിയ്ക്കുണ്ട്. എന്നാൽ കമൽഹാസന്റെ താരപ്രഭയെ അഭിഭാഷക കൂടിയായ വാനതിയ്ക്ക് അതിജീവിക്കാനാകുമോ എന്ന് കാത്തിരുന്ന് കാണാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്ന് തന്നെ മത്സരിച്ച വാനതി മൂന്നാം സ്ഥാനത്തായിരുന്നു. മയൂര ജയകുമാർ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. അണ്ണാ ഡി.എം.കെയുടെ അമ്മൻ കെ. അർജുനനാണ് വിജയിച്ചത്. ഇത്തവണ അണ്ണാ ഡി.എം.കെ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്നത് വാനതിയ്ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. 2011 മുതൽ 2016 വരെ കോയമ്പത്തൂർ സൗത്തിലെ എം.എൽ.എയായിരുന്നു ആർ. ദൊരൈസ്വാമി.