
കോഴിക്കോട്: തലശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിൽ വോട്ട് വേണ്ട എന്ന് ആരും പറയില്ല. പ്രത്യേക രാഷ്‌ട്രീയമില്ലാത്ത ധാരാളം ആളുകളുണ്ട്. അവർ ഇഷ്‌ടമുളളയാൾക്ക് വോട്ട് ചെയ്യും. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മകമായ സമീപനമാണ്. സിപിഎം അങ്ങനെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
സർക്കാർ തിരഞ്ഞെടുപ്പ് പ്രമാണിച്ച് അഴിമതി നടത്തുന്നു. എൽപി, യുപി സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് നൽകേണ്ട അരി പിടിച്ചുവെച്ച് ഇപ്പോൾ വിതരണം ചെയ്യുകയാണ്. വിഷുവിന് നൽകേണ്ട കിറ്റ് ഏപ്രിൽ ആറിന് മുൻപ് വിതരണം ചെയ്യുന്നു. തിരഞ്ഞെടുപ്പ് കണക്കാക്കിയാണ് നേരത്തെ കിറ്റ് വിതരണം നടത്തുന്നത്. എന്നാൽ മുൻപ് ഓണത്തിന് കൃത്യമായി കിറ്റ് നൽകിയതുമില്ല. ഏപ്രിൽ, മേയ് മാസങ്ങളിലെ പെൻഷൻ തിരഞ്ഞെടുപ്പിന് മുൻപ് വിതരണം ചെയ്യുന്നു. ഇതും ഒരു പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടാനാണ്. തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇതിനെ കുറിച്ച് പരാതിപ്പെടും.