briyani

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്താൽ പ്രചാരണ സമയത്ത് ഏറ്റവും കൂടുതൽ കാണുന്ന ഒന്നാണ് ബിരിയാണി. നല്ല ഒന്നാന്തരം ബിരിയാണി വിളമ്പുന്നത് പാർട്ടി പ്രവർത്തകർക്കെല്ലാം ആവേശമായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോഴും സ്ഥാനാർത്ഥികളുടെ പ്രചാരണ വേളയിലും ബിരിയാണിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

എന്നാൽ, ഇത്തവണ തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള ബിരിയാണി ഓർഡറുകൾ വളരെ കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഭക്ഷണത്തിനുൾപ്പെടെ സ്ഥാനാർത്ഥികൾ വിനിയോഗിക്കുന്ന ചെലവ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തവണ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

ഏകദേശം 20 ലേറെ വർഷം മുമ്പാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിരിയാണി നൽകുന്ന രീതി ആരംഭിച്ചത്. പ്രവർത്തകർക്ക് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്നതിനുള്ള മീറ്റിംഗുകളിൽ നിന്ന് തുടങ്ങും. ചില സ്ഥാനാർത്ഥികളാകട്ടെ ബിരിയാണി പൊതികൾ വിതരണം ചെയ്യുകയും ചെയ്യും. പൊരിവെയിലത്ത് സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകർക്ക് ഉച്ചഭക്ഷണം പ്രധാനമായും ബിരിയാണിയായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ബിരിയാണി പൊതികളുടെ വില്പനയിൽ പ്രകടമായ ഇടിവുണ്ടായെന്ന് ഹോട്ടലുടമകൾ പറയുന്നു. സാധാരണ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ബിരിയാണിക്ക് ആവശ്യക്കാരുണ്ടായിരുന്നു.

നൂറിലധികം ബിരിയാണി പൊതികൾക്ക് ഓർഡർ ചെയ്താൽ വിവരങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശം നൽകിയതായി കടയുടമകൾ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് ചെലവ് കൂടുമെന്ന് ഭയന്ന് സ്ഥാനാർത്ഥികളും പരമാവധി നിയന്ത്രണങ്ങളിൽ ശ്രദ്ധിക്കുന്നുണ്ട്.

മുൻ തിരഞ്ഞെടുപ്പുകളിൽ പ്രതിദിനം 800 മുതൽ 1,000 വരെ ചിക്കൻ ബിരിയാണി പൊതികൾ ഓർഡർ ലഭിച്ചിരുന്ന ഹോട്ടലുകൾ വരെ തമിഴ്നാട്ടിലുണ്ട്. ഇപ്പോൾ പ്രാചരണത്തിനിടെ ഏതെങ്കിലും ഒരു പ്രവർത്തകന്റെ വീട്ടിൽ തന്നെ ലളിതമായ രീതിയിൽ മറ്റുള്ളവർക്കുള്ള ഭക്ഷണം ഏർപ്പാടാക്കുന്ന രീതിയാണ് ചില പാർട്ടികൾ അവലംബിക്കുന്നത്.