
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം സംസ്ഥാനത്ത് കത്തിക്കയറുന്നതിനിടയിൽ പൂഞ്ഞാർ മണ്ഡലത്തിൽപെടുന്ന ഈരാറ്റുപേട്ട നഗരസഭാ പരിധിയിൽ തന്റെ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് ജനപക്ഷം സ്ഥാനാർത്ഥി പി.സി. ജോർജ് എം.എൽ.എ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
"ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് മുനിസിപ്പാലിറ്റി പരിധിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം നിർത്തിയത്."
കഴിഞ്ഞദിവസം ഈരാറ്റുപേട്ട തീക്കോയ് പഞ്ചായത്തിൽ പ്രചാരണത്തിന് എത്തിയ ജോർജിനെ പ്രസംഗിക്കാൻ അനുവദിക്കാതെ എസ്.ഡി.പി.ഐ പ്രവർത്തകർ കൂവി വിളിച്ചിരുന്നു.
“ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചോദിക്കാൻ അവകാശമില്ലേ? ഇലക്ഷൻ കമ്മിഷന് പരാതി നൽകിയാൽ നീയൊക്കെ ജയിലിൽ പോയി കിടക്കും, എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തത്. ഞാൻ ഈരാറ്റുപേട്ടയിൽ ജനിച്ചുവളർന്നവനാടാ. നീയല്ല, ആര് തെറി പറഞ്ഞാലും ആര് കൂവിയാലും ഓടുന്നവനല്ല . നിന്നെയൊക്കെ വീട്ടിൽ നിന്ന് കാർന്നോമ്മാര് ഇങ്ങനെയാണ് പഠിപ്പിച്ചുവിടുന്നതെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്. കാർന്നോമ്മാര് നന്നായാലേ മക്കള് നന്നാവൂ. അതിനു വേണ്ടി ഞാൻ അള്ളാഹുവിനോട് ദുആ ചെയ്യാം,ഇത് പാകിസ്ഥാനിലെ കറാച്ചിയോ, ലാഹോറോ അല്ല. ചില പ്രത്യേക ആളുകളുടെ കൂവല് കണ്ട് ഓടാൻ ഉദ്ദേശിച്ചിട്ടില്ല. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യം ഉള്ളവർക്ക് തൊപ്പിയിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. പറയാനുള്ളത് നെഞ്ച് വിരിച്ചു പറയുമെന്ന് ' കൂവി വിളിച്ചവരോട് പി.സി. ജോർജും തിരിച്ചടിച്ചിരുന്നു.
" ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള അവകാശം നിഷേധിക്കുമ്പോൾ അവർ ലക്ഷ്യം വയ്ക്കുന്ന വർഗ്ഗീയ ലഹളയിലേക്ക്, നാടിനെ തള്ളിവിടാൻ എനിക്കാവില്ല ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു.എനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ളവരുടെ സുരക്ഷയെ കരുതി ഈരാറ്റുപേട്ടയിൽ പ്രചാരണ പരിപാടികൾ അവസാനിപ്പിക്കുകയാണ്." ജോർജ് പറഞ്ഞു .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നു മുന്നണി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ച് കാൽ ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോർജ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നുവെങ്കിലും കിട്ടാതെ വന്നതോടെ ഉമ്മൻചാണ്ടി പാരവച്ചെന്ന് ആരോപിച്ച് ഒറ്റക്കു മത്സരിക്കുകയാണ്