
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടത് തുടർഭരണമുണ്ടായാൽ അത് കേരളത്തിന് നാശം വിതയ്‌ക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. അഹങ്കാരം, തലക്കനം, പിടിവാശി, ആഡംബരം, ധൂർത്ത്, സർവത്ര അഴിമതി എന്നിവയായിരുന്നു കഴിഞ്ഞ അഞ്ച് വർഷമായി പിണറായി ഭരണത്തിന്റെ മുഖമുദ്ര.
ശബരിമല വിഷയത്തിൽ പിണറായി സർക്കാരിന്റെ നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻപോകുന്ന അയ്യപ്പഭക്തരും സ്‌ത്രീകളും മറക്കില്ല. പമ്പ മുതൽ മരക്കൂട്ടം വരെ നൂറുകണക്കിന് പൊലീസിന്റെ അകമ്പടിയോടെ യുവതികളെ സന്നിധാനത്ത് എത്തിക്കാൻ സർക്കാർ ശ്രമിച്ചു. പിണറായി എത്ര മാറ്റി പറയാൻ ശ്രമിച്ചാലും അവിടെ നടന്ന സംഭവങ്ങളൊന്നും വിശ്വാസികൾ മറക്കില്ലെന്നും ആന്റണി പറഞ്ഞു. ശബരിമലയിലെ ആചാരങ്ങൾ ലംഘിച്ച് യുവതികളെ മലകയറ്റിയ സംഭവം അയ്യപ്പഭക്തരുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്നു.
സുപ്രീംകോടതി ഉത്തരവ് ലഭിക്കും മുൻപ്‌തന്നെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്. ശബരിമല വിഷയത്തിൽ പിടിവാശി കാണിക്കേണ്ട കാര്യമുണ്ടായിരുന്നോയെന്നും എ.കെ ആന്റണി ചോദിച്ചു. വിശ്വാസികളുടെ സംഘടനയുമായി ചർച്ച നടത്തണമെന്നും സർവകക്ഷിയോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേൾക്കാതെ നവോത്ഥാനമാണെന്നും കോടതി വിധി നടപ്പാക്കുമെന്നും പിണറായി അന്ന് പറഞ്ഞുവെന്നും ആന്റണി ആരോപിച്ചു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സ്വരം മാറ്റി. എത്ര സ്വരം മാറ്റിയാലും വിശ്വാസികൾ പിണറായിക്ക് മാപ്പ് തരില്ലെന്നും ആന്റണി പറഞ്ഞു. പിണറായിയുടെ എടുത്തുചാട്ടമാണ് ശബരിമല പ്രശ്‌നത്തെ സങ്കീർണമാക്കിയത്. കേരളത്തിലെ അമ്മമാർ ഇടതുപക്ഷത്തിന് വനവാസം വിധിക്കുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.