
കൊല്ലം: അമ്പലങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടൽ പാടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എൻ ഡി എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കൊല്ലം പുറ്റിങ്ങലിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ താമര വിരിയണമെന്നും അതിനായി ഇടത് വലത് മുന്നണികളെ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് നേരെ ചോദ്യങ്ങളുന്നയിച്ചായിരുന്നു അമിത് ഷായുടെ പ്രസംഗം. 'താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്തിൽ ഉൾപ്പെട്ടിട്ടില്ലേ? സ്വർണക്കടത്ത് കേസ് പ്രതിക്ക് താങ്കളുടെ ഓഫിസിൽ നിന്ന് മൂന്ന് ലക്ഷം രൂപ നൽകിയിരുന്നില്ലേ? കേസിലെ മുഖ്യ കുറ്റാരോപിതയെ താങ്കളുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാർ ചെലവിൽ കൊണ്ടു പോയില്ലേ? മുഖ്യ കുറ്റാരോപിത മുഖ്യമന്ത്രിയുടെ വീട്ടിൽ കയറി ഇറങ്ങിയില്ലേ? എയർപോർട്ടിൽ പിടിച്ച സ്വർണം വിടുവാൻ താങ്കളുടെ ഓഫീസിൽ നിന്ന് ഇടപെടൽ ഉണ്ടായോ? ഇ ഡി, കസ്റ്റംസ് ഉദ്യോഗസ്ഥർക്കു മേൽ ആക്രമണം ഉണ്ടായപ്പോൾ എന്തുകൊണ്ട് നിങ്ങൾ നടപടിയെടുത്തില്ല. പൊലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കയറ്റിയില്ലേ. എന്നീ ചോദ്യങ്ങളായിരുന്നു മുഖ്യമന്ത്രിയാേട് ഉന്നയിച്ചത്. സ്വർണക്കടത്തിനെ കുറിച്ച് ചോദിക്കുന്നത് പിണറായിക്ക് ഇഷ്ടമല്ലെന്നും അമിത്ഷാ പറഞ്ഞു.
'മോദിയ്ക്കൊപ്പം പുതിയ കേരളം ഉണ്ടാകണം. കമ്മ്യൂണിസ്റ്റുകളും, കോൺഗ്രസും ചേർന്ന് കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റി. കോൺഗ്രസ് വരുമ്പോൾ സോളാർ അഴിമതി, കമ്മ്യൂണിസ്റ്റ് വരുമ്പോൾ ഡോളർ അഴിമതി. ലോകം മുഴുവനും കമ്മ്യൂണിസം നശിച്ചു. കോൺഗ്രസ് പാർട്ടി ഇന്ത്യയിൽ ഇല്ലാതായി. മതേതര പാർട്ടിയെന്ന് പറയുന്ന കോൺഗ്രസ്, മുസ്ലിം ലീഗുമായി കൂടുന്നു. ശിവസേനയുമായാണ് മഹാരാഷ്ട്രയിലെ സഖ്യം. ഇതുപോലൊരു പാർട്ടിയെ ഞാൻ കണ്ടിട്ടില്ല. മതിഭ്രമം ബാധിച്ച നേതൃത്വമാണ് കോൺഗ്രസിന്. രാഹുൽ ബാബ കേരളത്തിൽ പിക്‌നികിനാണ് വരുന്നത്. കേരളത്തിൽ സിപിഎമ്മിനെതിരെ മത്സരിച്ചിട്ട് ബംഗാളിൽ സിപിഎമ്മുമായി സഖ്യത്തിലാണ് കോൺഗ്രസ്. മോദിയുടെയും ഇ ശ്രീധരന്റെയും നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാവൂ'- അമിത് ഷാ പറഞ്ഞു.