nss

തിരുവല്ല: സംസ്ഥാന സർക്കാരിനെതിരെ എൻ.എസ്.എസ് നടത്തുന്ന തുടർച്ചയായ വിമർശനങ്ങളിൽ സംശയങ്ങളുയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രത്യേക തരത്തിലുള്ള പെരുമാറ്റത്തിന് കാരണം എന്താണെന്ന് മാദ്ധ്യമപ്രവർത്തകർ എൻ.എസ്.എസ് ജനറൽസെക്രട്ടറി സുകുമാരൻ നായരോട് ചോദിക്കണം. സർക്കാരിനോട് അങ്ങനെയൊരു പെരുമാറ്റമുണ്ടെന്ന് നാട്ടിൽ അഭിപ്രായമുയരുന്നുണ്ട്. അത് സുകുമാരൻ നായർ മനസിലാക്കുന്നത് നല്ലതാണ്. തനിക്കും സർക്കാരിനും എൻ.എസ്.എസുമായി ഒരു പ്രശ്നവുമില്ല.

ശബരിമല സ്ത്രീ പ്രവേശന കേസിലെ സത്യവാങ്മൂലം പിൻവലിക്കുന്നത് കേസ് പരിഗണിക്കുമ്പോഴുള്ള കാര്യമാണ്. ഇപ്പോഴെന്തിനാണ് അതൊക്കെ ആലോചിക്കുന്നത്. ശബരിമല ഇപ്പോൾ ശാന്തമാണ്. അവിടെ പോകുന്ന ഭക്തർക്കും പ്രശ്നമില്ല. സുപ്രീംകോടതി വിശാലബഞ്ചാണ് ഇനി നിലപാടെടുക്കേണ്ടത്. ശബരിമല വിഷയം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം നല്ലതുപോലെ ആഘോഷിച്ചിട്ടും ഫലമുണ്ടായില്ല.

ബി.ജെ.പി-സി.പി.എം ബന്ധം ആരോപിക്കാൻ ഉമ്മൻചാണ്ടിക്ക് ഉളുപ്പില്ലാതായോ?. നേമത്തെ കാര്യങ്ങൾ പരിശോധിച്ചാൽ വോട്ട് മറിച്ചുകൊടുക്കുന്നത് ആരാണെന്നത് ഉമ്മൻചാണ്ടിക്ക് അറിയില്ലേ. സ്വന്തം പാർട്ടിക്കാർ ഇതൊക്കെ തുറന്ന് പറഞ്ഞിട്ടും അന്വേഷിച്ച് കണ്ടെത്തിയിട്ടും ഒരു നടപടിയുമെടുക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വോട്ട് വാങ്ങാനാണ് ബി.ജെ.പിയുടെ ശ്രമം. കോൺഗ്രസ് നിലപാട് വർഗീയതയ്ക്കെതിരെന്ന് പറയാൻ ഉമ്മൻചാണ്ടിക്കാകുമോ?.

വിവാദങ്ങളുണ്ടാക്കി നാടിന്റെ വികസനം ഇല്ലാതാക്കാനാണ് യു.ഡി.എഫും ബിജെ.പിയും ശ്രമിക്കുന്നത്. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. ബാദ്ധ്യത വരുമാനത്തേക്കാൾ അധികരിക്കില്ലെന്ന് ഉറപ്പുവരുത്തിയാണ് അടിസ്ഥാനസൗകര്യ വികസനരംഗത്ത് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.