
ടെൽഅവീവ്: തിരഞ്ഞെടുപ്പ് ഫലം മുഴുവനായി പുറത്തുവരുന്നതിന് മുൻപ് തന്നെ താൻ വിജയിച്ചെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.രണ്ട് വർഷത്തിനിടെ ഇത് നാലാം തവണയാണ് ഇസ്രയേലിൽ തിരഞ്ഞെടുപ്പ് നേരിടുന്നത്. ഫലപ്രഖ്യാപനം 90 ശതമാനം പൂർത്തിയായിട്ടുണ്ട്. എന്നാൽ, കേവല ഭൂരിപക്ഷത്തിന് എട്ട് സീറ്റ് അകലെയാണ് നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യമായ ലികുഡ് പാർട്ടി. മറ്റൊരു തീവ്രവലതുപക്ഷമായ യമീന പിന്തുണ നൽകിയാലും ഏഴു സീറ്റേ ലഭിക്കൂ. നേരത്തെ നെതന്യാഹുവിനൊപ്പമായിരുന്ന പാർട്ടി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രധാന പ്രതിപക്ഷ കക്ഷിയായ യായർ ലാപിഡിന് 17 സീറ്റാണുള്ളത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി കനക്കുമെന്നാണ് സൂചന. 2009 മുതൽ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന നെതന്യാഹു അതിന് മുമ്പും മൂന്നുതവണ പ്രധാനമന്ത്രിയായിട്ടുണ്ട്. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന്റെ രാജിക്കായി സമ്മർദ്ദം ശക്തമാണ്. പ്രതിപക്ഷ പാർട്ടികൾ ഇത് വലിയ രീതിയിൽ പ്രചാരണായുധമാക്കി മാറ്റിയിട്ടുമുണ്ട്. കേവല ഭൂരിപക്ഷം പിടിക്കുകയോ പ്രതിപക്ഷ കക്ഷികളെ കൂടെക്കൂട്ടുകയോ ചെയ്യാനായില്ലെങ്കിൽ അഞ്ചാം തിരഞ്ഞെടുപ്പിനെ ഇസ്രയേലിന് അഭിമുഖീകരിക്കേണ്ടി വരും.
എക്സിറ്റ് പോൾ
അധികാരത്തിൽ തിരിച്ചെത്താൻ ലികുഡ് പാർട്ടിയ്ക്ക് വിയർക്കേണ്ടി വരുമെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് തൂക്ക് മന്ത്രിസഭയായിരിക്കുമെന്നാണ് മൂന്ന് ടി.വി ചാനലുകളുടെ പ്രവചനം. 120 അംഗ പാർലമെന്റിൽ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയ്ക്ക് 53-54 വരെ സീറ്റുകൾ മാത്രമെ ലഭിക്കൂ എന്നാണ് ചാനലുകൾ പറയുന്നത്.
വെല്ലുവിളികൾ
കൊവിഡും, അതു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികളും നെതന്യാഹുവിന് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ, വാക്സിനേഷനിലൂടെ കൊവിഡിനെ ഒരു പരിധി വരെ പിടിച്ചു നിറുത്താനായെന്നാണ് സർക്കാർ പറയുന്നത്. നിലവിൽ ഇസ്രയേലിൽ കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട വെല്ലുവിളികളെ പിടിച്ചു നിറുത്താൻ നെതന്യാഹുവിന് സാധിച്ചത് നേട്ടമാണ്.
യെഷ് ആദിദ് പാർട്ടിയുടെ നേതാവും, മുൻ ധനകാര്യ മന്ത്രിയും ടെലിവിഷൻ അവതാരകനുമായ യെർ ലാപിഡാണ് നെതന്യാഹുവിന്റെ പ്രധാന എതിരാളി.
ലികുഡ് പാർട്ടിയിൽ നിന്നും പുറത്തുപോയി ന്യൂ ഹോപ് പാർട്ടി രൂപീകരിച്ച ക്യാബിനറ്റ് മന്ത്രി കൂടിയായ ഗിഡിയോണ്‍ സാർ മറ്റൊരു പ്രധാന എതിരാളിയാണ്.
കേവല ഭൂരിപക്ഷത്തിന് വേണ്ടത് - 61 സീറ്റുകൾ
പ്രതിപക്ഷ പാർട്ടികൾക്ക് 51 സീറ്റുകൾ
ലികുഡിന് 53 മുതൽ 54 വരെ സീറ്റുകൾ
( എക്സിറ്റ് പോൾ)