couples

ടോക്കിയോ: അവിഹിത ബന്ധത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയ്ക്കും തിരിച്ചും നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിക്കാറുണ്ട്. ഈ വിധിയിൽ ആരും ആശ്ചര്യപ്പെടാറില്ല. എന്നാൽ ജപ്പാനിലെ ഒരു കോടതിയുടെ വിധിയെക്കുറിച്ചറിഞ്ഞ എല്ലാവരുടെയും കണ്ണുതള്ളിയിരിക്കുകയാണ്. തന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവതി നഷ്ടപരിഹാരം നൽകണമെന്ന് 39കാരന്റെ പരാതിക്ക് അനുകൂല നിലപാട് സ്വീകരിച്ച കോടതി യുവതിയോട് പരാതിക്കാരന് എഴുപതിനായിരം രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ടോക്കിയോയിലെ ജില്ലാകോടതിയാണ് അപൂർവ വിധി പുറപ്പെടുവിച്ചത്.

യുവതി തന്റെ ഭാര്യയുമായി ബന്ധം സ്ഥാപിച്ചത് ഓൺലൈൻ വഴിയായിരുന്നുവെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. ബന്ധം തുടങ്ങി അല്പദിവസം കഴിഞ്ഞതോടെ ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്തു. ലൈംഗിക ബന്ധത്തെക്കുറിച്ച് സ്വന്തം ഭാര്യതന്നെയാണ് യുവാവിനെ അറിയിച്ചത്. ഒപ്പം ആ ബന്ധത്തിലെ സുഖാനുഭൂതിയെക്കുറിച്ചും വ്യക്തമാക്കി. ഇതറിഞ്ഞതോടെയാണ് യുവാവ് പരാതി നൽകിയത്. വിചാരണവേളയിൽ തങ്ങളുടെ ബന്ധം കുടുംബത്തിന്റെ ഭദ്രതയ്ക്ക് ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാക്കില്ലെന്ന് യുവതി വാദിച്ചെങ്കിലും കോട‌തി അത് മുഖവിലയ്ക്കെടുത്തില്ല. തുടർന്നായിരുന്നു നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. കോടതിവിധിക്കെതിരെ ചില കോണുകളിൽ നിന്ന് എതിർപ്പുയരുന്നുണ്ട്.