
ന്യൂഡൽഹി : ഉറ്റവരുടെ മരണത്തിന്റെ വേദന കൂടുതൽ തീവ്രമാക്കുന്നതാണ് പോസ്റ്റ്മോർട്ടത്തിൽ കീറിമുറിച്ച് തുന്നിക്കെട്ടി വികൃതമാക്കിയ മൃതദേഹങ്ങളുടെ കാഴ്‌ച. അസ്വാഭാവിക സന്ദർഭങ്ങളിൽ മരണ കാരണം ശാസ്‌ത്രീയമായി കണ്ടെത്താൻ അനിവാര്യമാണെങ്കിൽ കൂടി പോസ്റ്റ്മോർട്ടത്തെ ചുറ്റിപ്പറ്റി ഒരു ഭീകരപരിവേഷവുമുണ്ട്.
മൃതദേഹം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്മാർട്ടം' ഇതിന് പരിഹാരമാകും. ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ ഈ അത്യാധുനിക സങ്കേതം നടപ്പാക്കി. ശനിയാഴ്ച ഐ.സി.എം.ആർ ഡയറക്ടർ ബൽറാം ഭാർഗവ ഉദ്ഘാടനം നിർവഹിച്ചു.
'എല്ലാ കേസുകളിലും സാധാരണ പോസ്റ്റുമോർട്ടം ആവശ്യമില്ലെന്നും വെർച്വൽ പോസ്റ്റ്മോർട്ടം മതിയാകുമെന്നും അതിലൂടെ സമയം ലാഭിക്കാമെന്നും' എയിംസ് ഫോറൻസിക് മെഡിസിൻ വിഭാഗം തലവൻ ഡോ. സുധീർ ഗുപ്ത പറഞ്ഞു.
'എയിംസിൽ വർഷം 3000 പോസ്റ്റ്‌മോർട്ടം നടക്കുന്നു. ഇതിൽ 30-50 ശതമാനവും ശരീരം കീറിമുറിക്കാതെ മരണകാരണം കണ്ടെത്താവുന്നവയാണ്. വെർച്വൽ ഓട്ടോപ്സി ഇതിന് പര്യാപ്തമാണ്.'- അദ്ദേഹം പറഞ്ഞു.
പോസ്റ്റ്‌മോർട്ടത്തിന് സ്‌കാനിംഗ്
മൃതദേഹത്തിൽ തൊടാതെ ആധുനിക ഇമേജിംഗ് സങ്കേതം ഉപയോഗിച്ച് ആന്തരികാവയവങ്ങളും അസ്ഥികളും ശരീരകലകളും ശാസ്‌ത്രീയമായി പരിശോധിക്കുന്നതാണ് വെർച്വൽ പോസ്റ്റ്മോർട്ടം. മൃതദേഹം ബാഗിൽ പായ്ക്ക് ചെയ്ത് സി.ടി സ്‌കാൻ മെഷീനിൽ വച്ച് പരിശോധിക്കും.
നിമിഷത്തിനുള്ളിൽ മെഷീൻ ആന്തരികാവയവങ്ങളുടെ ആയിരക്കണക്കിന് ചിത്രങ്ങളെടുക്കുന്നു. ഇത് ഫോറൻസിക് വിദഗ്ദ്ധർ പരിശോധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കുന്നു.
അമേരിക്ക, ഇംഗ്ളണ്ട്, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങളിൽ സാദ്ധ്യമായ കേസുകളിൽ വെർച്വൽ പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ട്.