
ദുബായ്: യു.എ.ഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷേഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം (75) അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ജേഷ്യഠനായ ഹംദാന്റെ മരണവാർത്ത പുറത്തുവിട്ടത്.മാസങ്ങളായി രോഗബാധിതനായിരുന്ന ഹംദാൻ വിദേശത്ത് വച്ച് ശസ്ത്രക്രിയയ്ക്കും വിധേയായിരുന്നു.
രാജ്യത്ത് 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുബായിൽ ദേശീയ പതാക പാതി താഴ്ത്തിക്കെട്ടും. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച മഗ് രിബ് (സായാഹ്നം) നമസ്കാരത്തിന് ശേഷം പള്ളിയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുടുംബാംഗങ്ങൾക്ക് മാത്രമെ പങ്കെടുക്കാൻ സാധിക്കൂ.
1971 ഡിസംബർ 9 ന് ആദ്യ യു.എ.ഇ മന്ത്രിസഭ രൂപ്രീകൃതമായത് മുതൽ ഹംദാനാണ് ധനമന്ത്രി.
സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. യു.എ.ഇയിലെ സമ്പദ് വ്യവസ്ഥയെയും തൊഴിൽ കമ്പോളത്തെയും സഹായിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച നിരവധി ഉന്നത സർക്കാർ സ്ഥാപനങ്ങളിൽ അദ്ദേഹം അദ്ധ്യക്ഷനായിരുന്നു.
അദ്ദേഹത്തിന് റോയൽ ബ്രിട്ടീഷ് കോളജ്- ലണ്ടൻ, എഡിൻസ്ബർഗ്, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിൽ നിന്ന് ഇന്റേണൽ മെഡിസിനിൽ ഓണററി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്.