covid-india

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും നിലവിലെ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാഹം പോലെയുള‌ള ചടങ്ങുകളിൽ എണ്ണം കുറയ്‌ക്കണണെന്നും ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണമെന്നും രാജേഷ് ഭൂഷൺ പറഞ്ഞു. അതല്ലാത്ത പക്ഷം സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. 10,787 സാമ്പിളുകളിൽ 736 പേരിൽ കൊവിഡിന്റെ ബ്രിട്ടീഷ് വകഭേദവും 34 പേരിൽ ദക്ഷിണാഫ്രിക്കൻ വകഭേദവും കണ്ടെത്തി. ഇന്ന് 47,262 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവർ 1.17 കോടിയെത്തി. ബിഹു, വിഷു, ഈദ് ഉൽ ഫിത്തർ പോലെ വരും ദിനങ്ങളിലെ ഉത്സവങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കൊവിഡിന്റെ പുത്തൻ വകഭേദങ്ങൾ പതിനെട്ടോളം സംസ്ഥാനങ്ങളിൽ കണ്ടെത്തിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ കൊവിഡ് അതിവേഗം പടരുന്ന പത്ത് ജില്ലകളിൽ ഒൻപതും മഹാരാഷ്‌ട്രയിലാണ്. ബാംഗ്ളൂർ അർബനാണ് മ‌റ്റൊരു സംസ്ഥാനത്തുള‌ള ജില്ല. മഹാരാഷ്‌ട്രയിലും പഞ്ചാബിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം അതിവേഗം കൂടുന്നതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.