
വാഷിംഗ്ടൺ: നൂറ്റാണ്ടുകൾക്ക് മുമ്പ് ചൊവ്വയിൽ മനുഷ്യർ ജീവിച്ചിരുന്നു എന്ന ഗൂഢാലോചന സിദ്ധാന്തം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ആദ്യ മനുഷ്യ കോളനിയായിരുന്ന ചൊവ്വയിലുണ്ടായ ആണവയുദ്ധമാണ് അവിടം വാസയോഗ്യമല്ലാതാക്കിയതെന്നും തുടർന്നാണ് മനുഷ്യർ ഭൂമിയിലെത്തിയതെന്നുമാണ് ടിക്ടോക്കിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണം ഈ ആണവയുദ്ധമാണെന്നും ക്രാക്ക്ഹെഡ്ജോയ്ഡിറ്റിഐആർ (crackheadjoedtir) എന്ന ടിക് ടോക് അക്കൗണ്ടിൽ പുറത്തിറങ്ങിയ വീഡിയോയിൽ പറയുന്നു.
ചൊവ്വയുടെ ചുവപ്പ്
ചൊവ്വ ചുവന്നത് ആണവയുദ്ധം മൂലമാണ്. അണുബോംബുകൾ പൊട്ടിത്തെറിച്ചാൽ തുടർന്നുണ്ടാവുന്ന ന്യൂക്ലിയർ വിന്റർ ഇത്തരമൊരു നിറം മാറ്റത്തിന് കാരണമാകും. ആണവസ്‌ഫോടനങ്ങളെ തുടർന്നുണ്ടാവുന്ന പൊടിപടലങ്ങളും ചാരവും ദീർഘകാലത്തേക്ക് സൂര്യപ്രകാശം തടയാൻ ശേഷിയുള്ളവയായിരിക്കും. ഇത് നൂറ് മുതൽ ആയിരം വർഷം വരെ നീണ്ടേക്കാം. ന്യൂക്ലിയർ വിന്ററിനെ തുടർന്ന് ചൊവ്വയിലെ വിഭവങ്ങളെല്ലാം നശിക്കാനും ചൊവ്വാ ഗ്രഹം തന്നെ ചുവപ്പു നിറമായി മാറാനും സാദ്ധ്യതയുണ്ട്. ചൊവ്വയിലെ എല്ലാ വിഭവങ്ങളും നശിച്ച ശേഷമാണ് മനുഷ്യർ ഭൂമിയിലെത്തിയത്. ശാസ്ത്രീയ അടിസ്ഥാനമില്ലെങ്കിലും ഈ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇതാണ് സത്യം
അയൺ ഓക്‌സൈഡിന്റെ സാന്നിദ്ധ്യം മൂലമാണ് ചൊവ്വ ചുവന്നിരിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിലേക്ക് ഈ അയൺ ഓക്‌സൈഡ് പൊടി ഉയരുമ്പോഴാണ് ആകാശം പിങ്ക് നിറത്തിലും ലൈറ്റ് ഓറഞ്ച് നിറത്തിലും മാറുന്നത്. ഭൂമിയേക്കാൾ വലുപ്പം കുറഞ്ഞ ഗ്രഹമാണ് ചൊവ്വ.
ഭൂമി ഉണ്ടായ കാലത്ത് വർദ്ധിച്ച ഊഷ്മാവിനെ തുടർന്ന് അയൺ ഓക്സൈഡിൽ വലിയൊരു ശതമാനവും ഉരുകി ഭൂമിയുടെ അകക്കാമ്പിലെത്തി. ചൊവ്വയിൽ ഇത്ര ഉയർന്ന ഊഷ്മാവ് ഒരിക്കലും ഇല്ലാതിരുന്നതിനാൽ അയൺ ഓക്‌സൈഡ് ഉപരിതലത്തിൽ തന്നെ അവശേഷിച്ചുവെന്നും കരുതപ്പെടുന്നു.