supreme-court-

ന്യൂഡൽഹി:സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഇന്ദിരാസാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സംവരണ വിഷയത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിൽ മറാത്ത സംവരണം കൊണ്ടുവന്നതിനെതിരെയുള്ള ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ആണ് കേരളസർക്കാർ നിലപാട് അറിയിച്ചത്.

ആവശ്യമെങ്കിൽ 50 ശതമാനത്തിന് മുകളിലും സംവരണം നൽകണം. 1992ൽ ഇന്ദിരാസാഹ്നി കേസിലെ വിധിയുടെ സമയത്ത് സാമൂഹിക പിന്നാക്കാവസ്ഥ മാത്രം കണക്കാക്കിയായിരുന്നു സംവരണം. പുതിയ സാഹചര്യത്തിൽ സാമ്പത്തിക പിന്നാക്കാവസ്ഥയും സംവരണത്തിനുള്ള മാനദണ്ഡം ആകണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടിഹാജരായ മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.

സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 102ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളെയും കേരളം എതിർത്തു. ഉദ്യോഗസ്ഥ തലത്തിൽ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിർമാണ സഭകൾക്കും ജനപ്രതിനിധികൾക്കുമാണ് സംവരണം നിശ്ചയിക്കാനുള്ള അധികാരമെന്നും കേരളം കോടതിയിൽ വാദിച്ചു.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 27 ശതമാനം പിന്നാക്ക സംവരണം ഏർപ്പെടുത്തിയതിന് എതിരെയുള്ള ഇന്ദിരാസാഹിനി കേസിലെ വിധി പറഞ്ഞത് സുപ്രീംകോടതിയിലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചായിരുന്നു. ആ വിധി പുനഃപരിശോധിക്കണമെങ്കിൽ 11 അംഗ ഭരണഘടന ബെഞ്ച് ചേരണം. ഇക്കാര്യത്തിൽ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം സുപ്രീംകോടതി തേടിയിരുന്നു. ഇതനുസരിച്ചാണ് കേരളവും നിലപാട് അറിയിച്ചത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ഇതേ നിലപാട് സ്വീകരിച്ചാൽ ഇന്ദിരാസാഹ്നി കേസ് പുനഃപരിശോധിക്കാനുള്ള തീരുമാനത്തിലേക്കാകും സുപ്രീംകോടതി പോവുക.