
മുംബയ്: പരംബീർ സിംഗിന് പകരം മുംബയ് പൊലീസ് കമ്മിഷണറായി ഹേമന്ത് നാഗ്രാലെ ചുമതലയേറ്റ് ഒരാഴ്ച പിന്നിടവെ, മുംബയ് പൊലീസിൽ കൂട്ടസ്ഥലംമാറ്റം. ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ 65 ഉദ്യോഗസ്ഥരടക്കം 86 പേരെ ഇന്നലെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്കും മറ്റും സ്ഥലംമാറ്റി.
അംബാനി ഭീഷണിക്കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയ്ക്കൊപ്പം ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരടക്കം പട്ടികയിലുണ്ട്.
വാസെയുടെ സഹപ്രവർത്തകരും അസി. ഇൻസ്പെക്ടർമാരുമായ റിയാസുദ്ദീൻ കാസിയെ ലോക്കൽ ആംസ് ഡിവിഷനിലേക്കും പ്രകാശ് ഹൊവാൾഡിനെ മലബാർ ഹിൽ പൊലീസ് സ്റ്റേഷനിലേക്കുമാണ് സ്ഥലംമാറ്റിയത്.
ക്രൈം ബ്രാഞ്ചിൽ പ്രമാദമായ പല കേസുകളും അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് ട്രാഫിക്കിലേക്കും മറ്റും സ്റ്റേഷനുകളിലേക്കുമാണ് മാറ്റം.
പരംബീർ സിംഗിന്റെ അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.
ഇതിനെ അപലപിച്ച് ബി.ജെ.പി. രംഗത്തെത്തി. തെറ്റ് ചെയ്യാത്തവരെയാണ് സ്ഥലംമാറ്റിയതെന്നും എന്തു കൊണ്ടാണ് ആഭ്യന്തരമന്ത്രിക്കെതിരെ നടപടിയെടുക്കാത്തതെന്നും ബി.ജെ.പി വക്താവ് ചോദിച്ചു.