വിലകുറയ്ക്കുന്നത് ആറുമാസത്തിനിടെ ആദ്യം
കൊച്ചി: അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കുറഞ്ഞതിനാൽ ഇന്നലെ പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ പെട്രോളിനും ഡീസലിനും ലിറ്ററിന് 18 പൈസ വീതം കുറച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില 92.87 രൂപയായും ഡീസൽ വില 87.35 രൂപയായുമാണ് കുറഞ്ഞത്. കഴിഞ്ഞ സെപ്‌തംബറിന് ശേഷം വില കുറയുന്നത് ആദ്യമാണ്. ഈമാസമാദ്യം ബാരലിന് 66 ഡോളർ വരെ എത്തിയ ക്രൂഡോയിൽ വില ഇന്നലെ 59 ഡോളറായി. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ രാജ്യാന്തര വിപണിവില 71 ഡോളറിൽ നിന്ന് 60 ഡോളറിലേക്കും കുറഞ്ഞു.
കഴിഞ്ഞ ജൂണിൽ പെട്രോൾ വില 72.99 രൂപയും ഡീസൽ വില 67.19 രൂപയുമായിരുന്നു. തുടർന്ന്, ഈവർഷം ഫെബ്രുവരി 27വരെയായി പെട്രോളിന് 20.06 രൂപയും ഡീസലിന് 20.34 രൂപയും കൂട്ടിയിരുന്നു.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എണ്ണക്കമ്പനികൾ വിലവർദ്ധന നിറുത്തിവച്ചു. മൂന്നാഴ്‌ചയോളം നിശ്ചലമായ വിലയാണ് ഇന്നലെ കുറയ്ക്കാൻ തയ്യാറായത്.