
മുംബയ് : മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട മുംബയ് പൊലീസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയ്‌ക്കെതിരെ യു.എ.പി.എ ചുമത്തി എൻ.ഐ.എ. അതേസമയം കേസ് രേഖകൾ എൻ.ഐ.എയ്ക്ക് ഉടൻ കൈമാറണമെന്ന് മഹാരാഷ്ട്രാ പൊലീസിന് താനെയിലെ എൻ.ഐ.എ കോടതി കർശന നിർദ്ദേശം നൽകി. സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിലും ഇവ നിറച്ച കാറിന്റെ ഉടമ മൻസൂഖ് ഹിരൺ കൊല്ലപ്പെട്ട കേസിലെയും ഒന്നാം പ്രതിയാണ് വാസെ.
ഇരുകേസുകൾക്കും പിന്നിൽ വാസെയാണെന്നാണ് എൻ.ഐ.എ കണ്ടെത്തൽ. കേസ് സമാന്തരമായി അന്വേഷിക്കുന്ന മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധസേനയും (എ.ടി.എസ്) ഇതേ കണ്ടെത്തൽ നടത്തിയിരുന്നു. എന്നാൽ കേസിനുപിന്നിലെ യഥാർത്ഥ ഉദ്ദേശ്യത്തിൽ വ്യക്തതവരുത്താൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല. സംസ്ഥാനസർക്കാരിനെ മറികടന്ന് അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എയ്ക്ക് കേസ് രേഖകളും മറ്റും കൈമാറുന്നതിൽ എ.ടി.എസ് കാലതാമസം വരുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് രേഖകൾ കൈമാറുന്നതിൽ ഇനിയും കാലതാമസം പാടില്ലെന്ന് കോടതി പൊലീസിനോട് ഉത്തരവിട്ടത്.