modi

ന്യൂഡൽഹി: പാകിസ്ഥാനുമായി ഊഷ്മളമായ ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ഇതിനായി ഭീകരതയും ശത്രുതയും ഇല്ലാതാക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് അയച്ച കത്തിൽ വ്യക്തമാക്കി. പാക് ദിനത്തിന്റെ ഭാഗമായാണ് പാക്കിസ്ഥാനിലെ ജനങ്ങൾക്ക് ആശംസ അർപ്പിച്ച് മോദി കത്തയച്ചത്.

അയൽ രാജ്യമെന്ന നിലയിൽ പാകിസ്ഥാനിലെ ജനങ്ങളുമായി ഇന്ത്യ ഹൃദ്യമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.

കഴിഞ്ഞ മാസം ജമ്മു കാശ്‌മീരിലെ നിയന്ത്രണ രേഖയിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ വെടിനിറുത്തൽ പ്രഖ്യാപനം നടത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നു. സിന്ധു നദീജല കമ്മിഷൻ യോഗത്തിൽ പങ്കെടുക്കാൻ പാക് പ്രതിനിധി സംഘം ഇന്ത്യയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടരവർഷത്തിനിടെ ആദ്യമായാണ് യോഗം ചേരുന്നത്.

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി പിൻവലിച്ച കേന്ദ്ര തീരുമാനത്തെത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.