oommnchandyt-

തിരുവനന്തപുരം: നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്‌മൂലത്തിലെ കണക്കുകൾ സംബന്ധിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയുടെ 2014-15ലെ വാര്‍ഷിക വരുമാനത്തെക്കുറിച്ചും, എം.എല്‍.എ പെന്‍ഷന്‍ സത്യവാങ്‌മൂലത്തില്‍ രേഖപ്പെടുത്താത്തത് എന്തുകൊണ്ടെന്നും, 2015ന് ശേഷം ആദായനികുതി അടയ്ക്കാത്തത് എന്തുകൊണ്ടെന്നും അഭിഭാഷകൻ ഹരീഷ് വാസുദേവൻ ആരോപണം ഉന്നയിച്ചിരുന്നു,​ ഇതിനാണ് ഉമ്മൻചാണ്ടി ഫേസ്ബുക്കിലൂടെ മറുപടി നൽകിയത്.

ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പണത്തോട് അനുബന്ധിച്ച് ഞാൻ നല്കിയ സത്യവാങ്മൂലത്തിൽ നിന്നുള്ള കണക്കുകൾ എടുത്ത് തെറ്റായി വ്യാഖ്യാനിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു.

ആക്ഷേപം ഒന്ന്: 201415ൽ വാർഷിക വരുമാനമായി കാട്ടിയത് വെറും 3,42,230 രൂപയാണ്. അതായത് പ്രതിമാസ വരുമാനം 28,600 രൂപ.

ഉത്തരം: 2014 ഏപ്രിൽ 1ന് ലഭിച്ച നികുതി വിധേയമായ ശമ്പളം 27410 രൂപയാണ്. അടിസ്ഥാന ശമ്പളം 1000 രൂപ, ഡിഎ 26,410 രൂപ, കൺവേയൻസ് അലവൻസ് 10,500, മണ്ഡല അലവൻസ് 12,000 രൂപ. ഇതിൽ അടിസ്ഥാനശമ്പളവും ഡിഎയുമാണ് നികുതി വിധേയം. ഒരു മുഖ്യമന്ത്രിയുടെ അന്നത്തെ ശമ്പളം ഇത്രയുമൊക്കെയേ ഉള്ളൂ എന്ന് അറിയുക.

ആക്ഷേപം രണ്ട്: മുഖ്യമന്ത്രിയുടെ ശമ്പളം കൂടാതെ എംഎൽഎ പെൻഷനുണ്ടെങ്കിലും അതു രേഖപ്പെടുത്തിയില്ല.

ഉത്തരം: മുഖ്യമന്ത്രിയുടെ ശമ്പളം പറ്റുമ്പോൾ മറ്റൊരു പെൻഷനും വാങ്ങാൻ പറ്റില്ല. എംഎൽഎ ആയിരിക്കുമ്പോൾ എംഎൽഎയുടെ നിലവിലുള്ള ശമ്പളമല്ലാതെ അതോടൊപ്പം എംഎൽഎ പെൻഷൻ വാങ്ങാൻ പറ്റില്ല.

ആക്ഷേപം മൂന്ന്: 2015നുശേഷം വരുമാന നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തിട്ടില്ല.

ഉത്തരം: 1.4.2020ൽ എംഎൽഎ എന്ന നിലയിൽ 2000 രൂപയാണ് മാസശമ്പളം. മണ്ഡല അലവൻസ് 25,000 രൂപ, ടെലിഫോൺ അലവൻസ് 11000 രൂപ, ഇൻഫർമേഷൻ അലവൻസ് 4000 രൂപ, അതിഥി അലവൻസ് 8000 രൂപ. അലവൻസുകൾ ആദായനികുത പരിധിയിൽ വരില്ല. അതുകൊണ്ടാണ് ആദായ നികുതി അടയ്ക്കാത്തത്.

സത്യമേവ ജയതേ!!