
കണ്ണൂർ: നഗരത്തിലെ പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച സംഭവത്തിൽ കൂടാളി സ്വദേശി അറസ്റ്റിൽ. കൂടാളിയിലെ ഇസുദിനെ (42)യാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. താവക്കരയിലെ പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്.
എളയാവൂരിലെ ഒഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഓട്ടോറിക്ഷ. ഇവിടെ നിന്ന് ഓട്ടോ മറ്റൊരു സ്ഥലത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. ടൗൺ എസ്.ഐ ഷൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. പയ്യന്നൂരിലടക്കം നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.