
മാനന്തവാടി: കവുങ്ങും, കാപ്പി തൈകളും സാമൂഹ്യ വിരുദ്ധർ വെട്ടി നശിപ്പിച്ചു. കാട്ടിക്കുളം എടയൂർകുന്നിലെ ഓലഞ്ചേരി ചെങ്ങോട്ട് കുന്നിലാണ് സംഭവം.
സഹോദരൻമാരായ പോങ്ങാട്ട് ചാക്കോ, തോമസ് എന്നിവരുടെ കൃഷിയിടങ്ങളിലെ കൃഷിയാണ് വെട്ടി നശിപ്പിച്ചത്. ഒരു വർഷം മുൻപ് വെച്ച് പിടിപ്പിച്ച 80 കവുങ്ങുകളും, 79 കാപ്പി തൈകളുമാണ് ചൊവ്വാഴ്ച രാത്രി വെട്ടിനശിപ്പിച്ചത്.
പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.
വന്യമൃഗശല്യം രൂക്ഷമായ ചെങ്ങോട്ട് കുന്നിൽ ഏറെ കഷ്ടപ്പാട് സഹിച്ചാണ് സഹോദരൻമാർ കൃഷി തുടങ്ങിയത്.
പാണ്ടരങ്ങ് മലമുകളിൽ നിന്ന് വെള്ളം തിരിച്ച് വിട്ടും, പൈപ്പിൽ വെള്ളം കൃഷിയിടങ്ങളിലെത്തിച്ചും നനച്ച് വളർത്തിയ കവുങ്ങും, കാപ്പി തൈകളുമാണ് നശിപ്പിച്ചത്.
ക്യഷികൾ വെട്ടിനശിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷകർ തിരുനെല്ലി പൊലീസിൽ പരാതി നൽകി.