
കൊല്ലം: തന്റെ കീഴിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട കേസിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുൻ പ്രിൻസിപ്പൽ സെക്രട്ടറി കേസിലെ മുഖ്യ പ്രതിയായ സ്ത്രീയുമായി വിദേശയാത്ര നടത്തിയോ എന്ന് അദ്ദേഹം വ്യക്തമാക്കണം. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ഇതിനകം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണം, ഡോളർ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് സഹിക്കുന്നില്ലെന്നും ചോദ്യങ്ങളിൽനിന്ന് അദ്ദേഹത്തിന് ഓടി രക്ഷപ്പെടാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാൽ യുഎൻ ഏജൻസികൾ അന്വേഷിക്കണമെന്നാണ് പിണറായി പറയുന്നത്. ഇവിടെ കുറ്റകൃത്യം നടന്നാൽ അന്വേഷിക്കുക രാജ്യത്തെ ഏജൻസികൾ ആകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ എന്താണു ചെയ്തതെന്ന് ഈ നാടിനു മുഴുവൻ അറിയാം. പൊലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കയറ്റിയില്ലേ എന്നും അമിത് ഷാ ചോദിച്ചു. ശബരിമലയിൽ ഏറ്റവും ഹീനമായ കാര്യമാണ് സർക്കാർ ചെയ്തത്. ക്ഷേത്ര കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ പാടില്ലെന്നും അവ വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.