
യംങ്കൂൺ: അച്ഛാ... എനിയ്ക്ക് സഹിക്കാൻ കഴിയുന്നില്ല. നല്ല വേദനയുണ്ട്. വെടിയേറ്റ് പിതാവിന്റെ മടിയിലേക്ക് വീണ മ്യാൻമറിലെ ആ ഏഴ് വയസുകാരി മരണത്തിന് ഏതാനും നിമിഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകളാണിത്. ഖിൻ മ്യോ ചിത് എന്ന ആ കുരുന്നിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവളുടെ പിഞ്ചുശരീരത്തിന് അത്രയും വേദന താങ്ങാനുള്ള കരുത്തുണ്ടായിരുന്നില്ല. അകാലത്തിൽ ജീവൻ പൊലിഞ്ഞ ചിത് മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ അടയാളമായി മാറിയിരിക്കുകയാണ്.
തോക്കിൻമുനയിൽ കുരുന്ന് ജീവൻ
ചൊവ്വാഴ്ച വൈകിട്ടാണ് സൈന്യം ആയുധങ്ങളുണ്ടോയെന്ന് പരിശോധിക്കാനും പ്രക്ഷോഭകരെ അറസ്റ്റ് ചെയ്യാനും മാൻഡലായിയിൽ എത്തിയത്.അവർ വന്നപാടെ വീടിന്റെ വാതിൽ ചവിട്ടിത്തുറന്നു. കതകുതുറന്നശേഷം അകത്ത് ആരെങ്കിലുമുണ്ടോ എന്ന് പിതാവിനോടവർ ചോദിച്ചു. 'ഇല്ല' എന്ന് അദ്ദേഹം മറുപടി പറഞ്ഞതോടെ നുണ പറയുകയാണെന്ന് പറഞ്ഞ് അവർ അകത്തു കയറി പരിശോധന തുടങ്ങി. ഇതിനിടയിലാണ് പേടിച്ചരണ്ട അനുജത്തി പിതാവിന്റെ മടിയിലിരിക്കാനായി അദ്ദേഹത്തിനടുത്തേക്ക് ഓടിയത്. ഉടൻ അവർ അവൾക്കുനേരെ നിർദാക്ഷിണ്യം വെടിവയ്ക്കുകയായിരുന്നു - ചിതിന്റെ മൂത്ത സഹോദരി സുമയ്യ കണ്ണീരോടെ പറഞ്ഞു.
ചിതിന്റെ 19 കാരൻ സഹോദരനെയും പൊലീസ് മർദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചിതിന്റെ മരണത്തോട് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്റെ പൊന്നുമോൾക്ക് വേദന സഹിക്കാനാവുന്നുണ്ടായിരുന്നില്ല. ഞങ്ങളവളെ ഒരു കാറിൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.'
ചിതിന്റെ പിതാവ് ഉമോംഗ് കോ ഹാഷിൻ ബായ്
കൊല്ലപ്പെട്ടത് 20 ലധികം കുഞ്ഞുങ്ങൾ
മ്യാന്മറിൽ പട്ടാളം ഭരണം പിടിച്ചെടുത്തശേഷം നടക്കുന്ന അതിക്രമങ്ങളിൽ 20ലധികം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതായി 'സേവ് ദ ചിൽഡ്രൻ' ഗ്രൂപ്പ് വെളിപ്പെടുത്തി. പ്രക്ഷോഭകർക്കുനേരെ അതിക്രൂരമായ നടപടികളാണ് പട്ടാളം സ്വീകരിക്കുന്നത്. സൈന്യം കൊന്നവരിൽ ഏറ്റവും ഇളയവളാണ് ഖിൻ മ്യോ ചിത്. കഴിഞ്ഞ ദിവസം മൻഡലായിയിൽതന്നെ ഒരു 14 കാരൻ കൊല്ലപ്പെട്ടിരുന്നു.