
കൊല്ലം: മതേതര പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിനും നേതാക്കൾക്കും മതിഭ്രമം പിടിച്ചിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ ലീഗ്, ബംഗാളിൽ മമത, മഹാരാഷ്ട്രയിൽ ശിവസേന ഇങ്ങനെയാണ് കോൺഗ്രസിന്റെ മതേതരത്വം. എൽ.ഡി.എഫും യു.ഡി.എഫും കേരളത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും തകർക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്ര മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി പിക്നിക്കിനു വേണ്ടിയാണ് കേരളത്തിൽ എത്തുന്നത്. ഇവിടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രാഹുൽ എതിരാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ അവർ ഒറ്റക്കെട്ടാണെന്നും അമിത് ഷാ പറഞ്ഞു. ഇത്തവണ കേരളത്തിൽ ഇടതു വലതു മുന്നണികളെ ജനം മാറ്റി നിറുത്തും. എൽ ഡി എഫും യു ഡി എഫും അഴിമതിക്കാരാണ്. യുഡിഎഫ് സോളാർ അഴിമതി നടത്തി, എൽ ഡി എഫ് സ്വർണക്കടത്ത് അഴിമതിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.