stock

 സെൻസെക്‌സ് 871 പോയിന്റും നിഫ്‌റ്റി 265 പോയിന്റും ഇടിഞ്ഞു

കൊച്ചി: ആഗോളതലത്തിൽ കൊവിഡ് വീണ്ടും ഭീതിപരത്തുന്നതിൽ ആശങ്കപ്പെട്ട്, ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ വൻതോതിൽ പിൻവലിയുന്നു. വില്പന സമ്മർദ്ദം ശക്തമായതോടെ ബോംബെ ഓഹരി വിപണിയിൽ (സെൻസെക്‌സ്) നിന്ന് ഇന്നലെ ഒറ്റദിവസം കൊഴിഞ്ഞത് 3.27 ലക്ഷം കോടി രൂപയാണ്. നിക്ഷേപകമൂല്യം 205.76 ലക്ഷം കോടി രൂപയിൽ നിന്ന് 202.48 ലക്ഷം കോടി രൂപയായി ഇടിഞ്ഞു. 871 പോയിന്റ് കൂപ്പുകുത്തിയ സെൻസെക്‌സ് വ്യാപാരാന്ത്യമുള്ളത് 49,180ലാണ്. നിഫ്‌റ്റി 265 പോയിന്റിടിഞ്ഞ് 14,549ലുമെത്തി.

തകർന്നടിഞ്ഞ ആഗോള സമ്പദ്‌വ്യവസ്ഥ വളർച്ചയിലേക്ക് തിരിച്ചുകയറവേയാണ് ബ്രിട്ടനും ഇന്ത്യയുമടക്കം പല രാജ്യങ്ങളിലും കൊവിഡ് ഭീതി വീണ്ടും ശക്തമാകുന്നത്. ഒട്ടേറെ രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും തിരിച്ചടിയായി. ഇത്, സമ്പദ്‌വളർച്ചയുടെ തിരിച്ചുകയറ്റത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയാണ് ആഗോളതലത്തിൽ ഓഹരികളിൽ വില്പനസമ്മർദ്ദമുണ്ടാക്കുന്നത്. അമേരിക്കയിൽ സർക്കാർ കടപ്പത്രങ്ങളിൽ നിന്നുള്ള റിട്ടേൺ (യീൽഡ്) കൂടുന്നതും ഓഹരികളിൽ നിന്ന് പിന്മാറാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു.

തിരിച്ചടിക്ക് പിന്നിൽ

 ഭീതിപടർത്തി വീണ്ടും കൊവിഡ് കേസുകൾ ആഗോളതലത്തിൽ ഉയരുന്നു

 ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റം വൈകുമെന്ന ആശങ്ക

നഷ്‌ടം നുണഞ്ഞവ‌ർ

ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികളിലാണ് ഇന്നലെ വില്പന സമ്മർദ്ദം ശക്തമായത്. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽ ആൻഡ് ടി., ഐ.ടി.സി എന്നിവ 3.97 ശതമാനം വരെ നഷ്‌ടം നേരിട്ടു.