
ദുബായ്: പതിനഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഫുട്ബാൾ ടീം ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന അന്തരാഷ്ട്ര സൗഹൃദ ഫുട്ബാൾ പോരാട്ടത്തിൽ ഇന്ത്യ ഒമാനെ നേരിടും. ദുബായിലെ മക്തൂം ബിൻ റഷിദ് അൽ മക്തും സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.15 മുതലാണ് മത്സരം. യൂറോ സ്പോർട്സിൽ തത്സമയ സംപ്രേഷണം ഉണ്ട്.
ലോകകപ്പ്, എ.എഫ്.സി ഏഷ്യൻ കപ്പ് എന്നിവയുടെ യോഗ്യത പോരാട്ടങ്ങൾക്ക് മുന്നോടിയായി മത്സരപരിചയം നേടുന്നതിനായാണ് രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ കളിക്കാനായി ഇന്ത്യ ദുബായിൽ എത്തിയിരിക്കുന്നത്. 29ന് നടക്കുന്ന രണ്ടാം സൗഹൃദ പോരാട്ടത്തിൽ ഇന്ത്യ യു.എ.ഇയെ നേരിടും.
പിള്ളേര് കളിക്കട്ടേന്ന്
കൊവിഡിൽ നിന്ന് മുക്തനായ ശേഷം വിശ്രമത്തിലായിരിക്കുന്ന കുന്തമുനയും നായകനുമായ സുനിൽ ഛെത്രിയില്ലാതെയാണ് ഇന്ത്യൻ ടീം സൗഹൃദ പോരാട്ടങ്ങൾക്കിറങ്ങുന്നത്.
ഛെത്രിയുടെ അഭാവത്തിൽ യുവതാരങ്ങളിൽ വിശ്വാസം അർപ്പിച്ചാണ് കോച്ച് ഇഗോൾ സ്റ്റിമച്ച് അണിയറയിൽ പടയൊരുക്കം നടത്തുന്നത്. 24 വയസാണ് ടീമിന്റെ ശരാശരി പ്രായം. യുവതാരങ്ങൾക്ക് കഴിവ് തെളിയിക്കാനുള്ള അവസരമാണിതെന്നാണ് സ്റ്റിമച്ചിന്റെ അഭിപ്രായം. ഐ.എസ്.എല്ലിൽ തിളങ്ങിയ ബിപിൻ സിംഗ്, ആകാഷ് മിശ്ര, ലിസ്റ്റൺ കൊളാക്കോ, ഇഷാൻ പണ്ഡിത,ലാലംഗ്മാവിയ തുടങ്ങിയ പുതുമുഖങ്ങളും ടീമിലുണ്ട്.
അമരീന്ദർ സിംഗ്, ചിംഗ്ലെൻസൺ സിംഗ്, റൗളിൻ ബോർജസ്, ലാലിയൻസുവാല ചാംഗ്തെ തുടങ്ങിയവരൊക്കെ ഐ.എസ്.എല്ലിൽ പുറത്തെടുത്ത പ്രകടനം അന്താരാഷ്ട്ര തലത്തിലും പുറത്തെടുത്താൽ ഇന്ത്യയ്ക്ക് മുന്നേറാനാകും. മിഡ്ഫീൽഡർ ആഷിഖ് കരുണിയനും, ഡിഫൻഡർ മഷൂർ ഷെരീഫുമാണ് ടീമിലെ മലയാളി സാന്നിധ്യങ്ങൾ.
ഇവർക്കൊപ്പം ഗുർകീരത് സിംഗ്, സന്ദേശ് ജിങ്കൻ, അനിരുദ്ധ് ഥാപ്പ തുടങ്ങിയ പരിചയ സമ്പന്നരും കൂടെയാകുമ്പോൾ അദ്ഭുതങ്ങൾ കാണിക്കാൻ കഴിയുന്ന ടീമായി ഇന്ത്യ മാറുന്നുണ്ട്.
എതിരാളി കരുത്തർ
2019ലെ ൽ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ രണ്ട് പാദത്തിലും ഇന്ത്യയെ തോൽപ്പിച്ച ടീമാണ് ഒമൻ. ലോക റാങ്കിംഗിൽ ഒമാൻ 84-ാമതും ഇന്ത്യ 104-ാം സ്ഥാനത്തുമാണ്.
ആ മത്സരം കണ്ട്
കരഞ്ഞു
ഒമാനെതിരെ 2019ൽ ഇന്ത്യയിൽ വച്ച് നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടം കണ്ടു കരഞ്ഞുവെന്ന് ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമച്ച്.
24-ാം മിനിട്ടിൽ ഛെത്രി നേടിയ ഗോളിൽ ലീഡ് നേടിയ ഇന്ത്യ 82-ാം മിനിട്ടുവരെ അത് നിലനിറുത്തുകയും പിന്നീട് രണ്ട് ഗോൾ വഴങ്ങി തോൽക്കുകയും ചെയ്ത മത്സരത്തെക്കുറിച്ചാണ് സ്റ്റിമച്ച് പറഞ്ഞത്.
ആ മത്സരം കണ്ട് ഒത്തിരി തവണ കരഞ്ഞു. കഴിഞ്ഞത് കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളിൽ എന്റെ കുട്ടികൾ നന്നായി കളിക്കും- സ്റ്റിമച്ച് പറഞ്ഞു.