
തൃക്കാക്കര:വൈഗ എന്ന 13കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാകാൻ സാദ്ധ്യത. കേസിൽ പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ലാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹനെ ( 40 )കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഉൗർജിതമാക്കി. സാനുവിന്റെ കെ.എൽ.7 സി.ക്യു.8571 ഫോക്സ് വാഗൺ കാർ തൃശൂർ വഴി വാളയാർ ചെക്ക് പോസ്റ്റ് കടന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായി സംശയമുണ്ട്.
വൈഗയുടെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് മഞ്ഞുമ്മൽ ഗ്ലാസ് കോളനിക്ക് സമീപം മുട്ടാർ പുഴയിലാണ് കണ്ടെത്തിയത്. സാനുവും മകളും തലേന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്ന് യാത്ര തിരിച്ചതാണ്. സാനുവിനെയും കാറും കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
സാനുവിന് വൻ കടബാദ്ധ്യതയുണ്ട്. കുടുംബം താമസിച്ചിരുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ അഞ്ചുപേർക്ക് ഉൾപ്പടെ പതിനഞ്ചോളം പേർക്ക് പണം കൊടുക്കാനുണ്ട്. ഇതിന്റെ വിവരങ്ങൾ പൊലീസ് തേടി വരികയാണ്. പൂനെയിലും സാനുവിനെതിരെ കേസുള്ളതായി സൂചനയുണ്ട്. ചെക്കുകേസുകളിൽ അടക്കം പ്രതിയാണ്.
സാനുവിന്റെ ഭാര്യ രമ്യയെയും ബന്ധുക്കളെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.
ഫ്ളാറ്റിലെ കിടപ്പുമുറിയിൽ കണ്ടെത്തിയ രക്തപ്പാടുകൾ സംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് കാക്കുകയാണ് പൊലീസ്.