
തിരുവനന്തപുരം: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാത്ഥിയായി മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് ചിഹ്നമായി ലഭിച്ചത് കുഞ്ഞുടുപ്പ്. വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിനു പിന്നാലെ, രക്തം പുരണ്ട കുഞ്ഞുടുപ്പുകള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിറഞ്ഞിരുന്നു. കുഞ്ഞുങ്ങള്‍ക്ക് നീതി ആവശ്യപ്പെട്ടുള്ള കാമ്പയിനിന്റെ ഭാഗമായിട്ടായിരുന്നു അത്. അതേ ചിഹ്നം തന്നെയാണ് വാളയാര്‍ അമ്മ തിരഞ്ഞെടുപ്പ് ചിഹ്നമായി ചോദിച്ചുവാങ്ങിയിരിക്കുന്നത്.
കരഞ്ഞ് കാല് പിടിച്ചിട്ടും നീതി കിട്ടാഞ്ഞിട്ടാണ് മുഖ്യമന്ത്രിക്കെതിരെ ജനകീയ പോരാട്ടം നടത്തുന്നതെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. വെൽഫെയർ പാർട്ടി, എസ്.യു.സി.ഐ, വിവിധ ദളിത്, ആദിവാസി സംഘടനകൾ എന്നിവർ വാളയാർ അമ്മയ്ക്ക് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. നാളെ മുതൽ വോട്ടർമാരെ കാണാനായി ചെറുസംഘങ്ങളായി പോകുമെന്ന് വാളയാർ നീതി സമിതി രക്ഷാധികാരി സി.ആർ.നീലകണ്ഠൻ അറിയിച്ചു.