fff

നെടുമങ്ങാട് / കാട്ടാക്കട: ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് ആനാട് പണ്ടാരക്കോണം നിവാസികൾ. ഉറ്റ സുഹൃത്തായ അരുണിനെ (36) വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ആനാട് ചന്ദ്രമംഗലം എസ്.എസ്. നിവാസിൽ ശ്രീകുമാർ - ഷൈലജ ദമ്പതികളുടെ മകൻ ശ്രീജു എന്ന ഉണ്ണി, അരുണിന്റെ ഭാര്യ അഞ്ജു എന്നിവരാണ് അറസ്റ്റിലായത്. പണ്ടാരക്കോണം ചിറത്തലയ്‌ക്കൽ വീട്ടിൽ ബാബു - ദമ്പതികളുടെ മകൻ അരുൺ മൈക്ക് സെറ്റ് ഓപ്പറേറ്ററായും ചെണ്ടമേളക്കാരനായും നാട്ടുകാർക്കെല്ലാം പ്രിയങ്കരനാണ്. പനയമുട്ടം സ്വദേശിയായ ശ്രീജു, ആറുവർഷം മുമ്പ് ആനാട്ട് താമസം തുടങ്ങിയത് മുതലാണ് ഇരുവരും സൗഹൃദത്തിലായത്. നാട്ടുകാരും പരിചയക്കാരും ഇവർ അടുത്ത ബന്ധത്തിലുള്ള സഹോദരങ്ങളെന്നാണ് കരുതിയിരുന്നത്. 13 വർഷം മുമ്പ് അരുണിന്റെ വിവാഹത്തിന് മുൻകൈ എടുത്തതും ശ്രീജുവായിരുന്നെന്ന് മാതാപിതാക്കളും ബന്ധുക്കളും പറയുന്നു. 18 വയസ് പൂർത്തിയായ ദിവസമാണ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഞ്ജുവിനെ അരുൺ വിവാഹം കഴിച്ചത്. പ്രണയവിവാഹത്തിന് പിന്നാലെ അഞ്ജുവിന് ബന്ധുക്കളുമായി അകലേണ്ടി വന്നു. ഏറെക്കാലം സ്വസ്ഥമായി കുടുംബ ജീവിതം നയിച്ചിരുന്ന അരുൺ - അഞ്ചു ദമ്പതികളുടെ ജീവിതം താളം തെറ്റുന്നത് നാലുവർഷം മുമ്പാണ്. വിവാഹശേഷവും വീട്ടിൽ സ്ഥിരം സന്ദർശകനായിരുന്നു ശ്രീജു. ഇയാളുമായി അരുണിന്റെ ഭാര്യ അടുപ്പത്തിലാണെന്ന് പുറത്തായതോടെ പ്രശ്‌നങ്ങൾ തുടങ്ങി. പിന്നാലെ അരുണും ഭാര്യയും ഇതേച്ചൊല്ലി വഴക്കും പതിവായി. മൂന്ന് വർഷം മുമ്പാണ് അരുണുമായി വഴക്കിട്ട് അഞ്ജു വല്യമ്മ സരോജത്തിന്റെ വീട്ടിലേക്ക് താമസം മാറിയത്. ശ്രീജുവിന് ഭാര്യയും മകളുമുണ്ട്. ഇതോടെ ഇവരുടെ കുടുംബ ജീവിതത്തിലും പ്രശ്‌നങ്ങൾ തുടങ്ങി. ഇതിനിടെ അരുണും ശ്രീജുവും ശത്രുക്കളായി മാറിയിരുന്നു. ഉഴമലയ്ക്കലിലെ വീട്ടിൽ ശ്രീജു എത്തുന്നതിൽ അരുൺ നിരവധി തവണ അഞ്ജുവിനെ താക്കീത് ചെയ്‌തിരുന്നു. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് അരുണിനെ ഉഴമലയ്‌ക്കലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെയെത്തിയ അരുൺ, ശ്രീജുവിനെ കണ്ടതിനെ തുടർന്നുള്ള കൈയാങ്കളിക്കിടെയാണ് അരുണിന് കുത്തേറ്റത്. മകൾ ശിഖ ബഹളം കേട്ട് എണീറ്റപ്പോൾ അരുണിനെ ആശുപത്രിലേക്ക് കൊണ്ടുപോകുന്നതാണ് കണ്ടത്. അന്വേഷണത്തിൽ അഞ്ജുവിനെ വീട്ടിൽ നിന്നും ശ്രീജുവിനെ ആനാട്ടെ വീട്ടിൽ നിന്നും രാത്രിയോടെ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് ആനാട്ടെ ചിറത്തലയ്ക്കൽ വീട്ടിലെത്തിച്ച അരുണിന്റെ മൃതദേഹം സംസ്‌കരിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.