arnab-goswami

മുംബയ്: ടി.ആർ.പി റേറ്റിംഗ് തട്ടിപ്പ് കേസിൽ റിപ്ലബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മൂന്ന് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന് ബോംബെ ഹൈക്കോടതി. മൂന്നു മാസമായി കേസ് അന്വേഷിച്ചു വരികയാണെന്നും അർണബിനെ അതുവരെ പ്രതിചേർത്തിട്ടില്ലെന്നും കോടതി വിലയിരുത്തി. അതേസമയം റിപ്പബ്ലിക് ടി.വിക്കെതിരായ അന്വേഷണം മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് മുംബയ് പൊലീസ് കോടതിയെ അറിയിച്ചു.

അർണബിനെ കുറ്റക്കാരൻ എന്ന് സംശയിക്കുന്നതായാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ആസന്നമായ അറസ്റ്റിന്റെ വാൾ അർണബിനു മുകളിൽ തൂങ്ങിക്കിടപ്പുണ്ടെന്നും ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെയും മനീഷ് പിതലെയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം അന്വേഷണം സ്റ്റേ ചെയ്യണമെന്ന അർണബിന്റെ ആവശ്യം കോടതി തള്ളി. കേസിൽ യഥാർത്ഥ പ്രതി ആരാണെന്ന് വ്യക്തമാകാതെ കേസ് തള്ളാനാകില്ലെന്ന് കോടതി വ്യക്തമാക്കി.