
കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ പ്രതിരോധ നടപടികളെക്കുറിച്ച് വിശദമാക്കുന്ന പുസ്തകം പുറത്തിറങ്ങി. മാദ്ധ്യമപ്രവർത്തക അബന്തികാ ഘോഷിന്റെ "ബില്യൻസ് അണ്ടർ ലോക്‌ഡൗൺ, ഇൻസൈഡ് സ്റ്റോറി ഓഫ് ഇന്ത്യാസ് ഫൈറ്റ് എഗെയ്ൻസ്റ്റ് കൊവിഡ് 19 " എന്ന പുസ്തകത്തിലാണ് വൈറസിനെതിരേ ഇന്ത്യ നടത്തിയ പ്രതിരോധങ്ങളെക്കുറിച്ചും ജനതാ കർഫ്യൂമുതൽ വാക്സിൻ ഉത്‌പാദനം വരെയുള്ള ഒരുവർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത്.. ബ്ലൂംസ്‌ബെറിയാണ് പുസ്‌തകത്തിന്റെ പ്രസാധകർ.
കൊവിഡിനെക്കുറിച്ചാണെങ്കിലും ഒരു ത്രില്ലർ നോവൽ വായിക്കുന്ന അനുഭവമാണ് പുസ്തകം നൽകുന്നതെന്നാണ് പ്രസാധകർ പറയുന്നത്. പരസ്പരം പേരറിയാത്ത, നാടറിയാത്ത പതിനായിരങ്ങൾ ഒരു പൊതുശത്രുവിനെതിരെ പൊരുതുമ്പോഴുണ്ടാവുന്ന മനോവികാരമാണ് കൊവിഡിനെതിരെ ഇന്ത്യൻ ജനതയ്ക്കുണ്ടായത്.
നിലവിലെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ ക്ഷയരോഗബാധിതരും പ്രമേഹബാധിതരും ഉള്ളത് ഇന്ത്യയിലാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് ലോകാരോഗ്യസംഘടന കോവിഡ്19നെ മഹാമാരിയായി പ്രഖ്യാപിച്ചത്. അതിനാൽ ഇന്ത്യ എങ്ങനെ കൊവിഡെന്ന മഹാമാരിയെ നേരിടും എന്നത് ലോകം ആശങ്കപ്പെട്ടിരുന്നു. 136.64 കോടി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇന്ത്യയിൽ സാമൂഹിക അകലം എങ്ങനെ പാലിക്കപ്പെടും എന്നുള്ള ആശങ്കയും ലോകാരോഗ്യസംഘടന പങ്കുവെച്ചിരുന്നതായി പുസ്തകത്തിൽ പറയുന്നു.