fuel

ന്യൂഡൽഹി: വരുമാനത്തകർച്ച ഉണ്ടാകുമെന്നതിനാൽ പെട്രോളിനെയും ഡീസലിനെയും അടുത്ത എട്ടു-പത്ത് വർഷത്തിനകം ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക അസാദ്ധ്യമാണെന്ന് ബി.ജെ.പി എം.പിയും ജി.എസ്.ടി കൗൺസിൽ മുൻ കൺവീനറുമായ സുശീൽ കുമാർ മോദി പറഞ്ഞു. ഇവയെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ രണ്ടുലക്ഷം കോടി രൂപയുടെ വരുമാനനഷ്‌ടം ഉണ്ടാകുമെന്ന് അദ്ദേഹം 'ധനബിൽ - 2021" സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് രാജ്യസഭയിൽ പറഞ്ഞു.

കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നിലവിൽ അഞ്ചുലക്ഷം കോടി രൂപയുടെ നികുതിവരുമാനമാണ് പെട്രോളിയം ഉത്പന്നങ്ങളിലൂടെ നേടുന്നത്. ഇന്ധനത്തെ ജി.എസ്.ടിയിൽ കൊണ്ടുവന്നാൽ ഏറ്റവും ഉയർ‌ന്ന സ്ളാബായ 28 ശതമാനത്തിലേ ഉൾപ്പെടുത്താനാകൂ. നിലവിൽ നികുതി 60 ശതമാനമാണ്. ജി.എസ്.ടി ഏർപ്പെടുത്തിയാൽ രണ്ടുമുതൽ 2.50 ലക്ഷം കോടി രൂപവരെ വരുമാനം ഇടിയും. ഇപ്പോൾ പെട്രോളിന് വില 100 രൂപയെങ്കിൽ 60 രൂപ നികുതി കിട്ടുന്നുണ്ട്. ഇതിൽ 35 രൂപ കേന്ദ്രത്തിനും 25 രൂപ സംസ്ഥാനത്തിന്റെയുമാണ്.

കേന്ദ്രത്തിന്റെ 35 രൂപയിൽ നിന്ന് 42 ശതമാനവും സംസ്ഥാനങ്ങൾക്കാണ് കിട്ടുന്നത്. ഇന്ധനത്തിൽ നിന്നുള്ള നികുതി വരുമാനം ഇത്തരത്തിൽ വേണ്ടെന്നുവച്ചാൽ വികസന, ക്ഷേമപദ്ധതികൾക്ക് പകരം പണം എവിടെനിന്ന് കണ്ടെത്തും. ഈ പദ്ധതികളുടെ പ്രവർത്തനം താളംതെറ്റുമെന്നും മോദി പറഞ്ഞു. ജി.എസ്.ടിയെ പലരും 'ഗബ്ബർ സിംഗ് ടാക്‌സ്" എന്ന് പരിഹസിച്ചു. എന്നാൽ, ജി.എസ്.ടി കൗൺസിലിൽ നികുതിഘടന സംബന്ധിച്ച് ഒരുസംസ്ഥാനവും പരാതി ഉന്നയിച്ചിട്ടില്ല. കൗൺസിൽ യോഗത്തിലെ വിശദാംശങ്ങൾ നോക്കിയാൽ ഇതു മനസിലാകുമെന്നും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായിരുന്ന സുശീൽ മോദി പറഞ്ഞു.