assam


ന്യൂഡൽഹി: അസമിൽ ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമി സീ വോട്ടർ പ്രിപോൾ സർവേഫലം. ഭരണകക്ഷിയായ ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തെ പ്രകടനം കാഴ്ചവെക്കാൻ സാധിക്കില്ലെങ്കിലും ഭരണം നിലനിർത്തുമെന്ന് ഫലം പറയുന്നു. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ തന്നെ മുഖ്യമന്ത്രിയായി തുടരണമെന്നും സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.

ആകെ 126 സീറ്റുകളുളള അസമിൽ എൻ.ഡി.എ. 65 മുതൽ 73 സീറ്റ് വരെയും യു.പി.എ. സഖ്യം 52 മുതൽ 60 വരെയും മറ്റുള്ളവർ നാലു സീറ്റുവരെയും നേടുമെന്ന് സർവേ പ്രവചിക്കുന്നു. അസമിലെ ബി.ജെ.പി സർക്കാരിന്റെ പ്രവർത്തനം മികച്ചത് എന്ന് 46.8 ശതമാനം പേരും ശരാശരി എന്ന് 27.9 ശതമാനം പേരും മോശം എന്ന് 25.3 ശതമാനം പേരും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിൽസർബാനന്ദ സോനോവാളിന്റെ പ്രകടനം മികച്ചത് എന്ന് 46 ശതമാനം പേരും ശരാശരി എന്ന് 28.5 ശതമാനം പേരും മോശം എന്ന് 25.5 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.

മുഖ്യമന്ത്രി ആരാകണമെന്ന ചോദ്യത്തിനും കൂടുതൽ പേർ പിന്തുണച്ചത് സർബാനന്ദ സോനോവാളിനെ തന്നെയാണ്. സോനോവാൾ 46.2 ശതമാനം പേരുടെ പിന്തുണ നേടിയപ്പോൾ ഗൗരവ് ഗൊഗോയി (കോൺഗ്രസ്) 25.2 ശതമാനം പേരുടെ പിന്തുണയും ഹിമന്ദ ബിശ്വ ശർമ (ബി.ജെ.പി) 13 ശതമാനം, ഹംഗ്രാമ മൊലിഹാരി (ബി.പി.എഫ്) 3.8 ശതമാനം, ബദറുദ്ദീൻ അജ്മൽ (എ.ഐ.യു.ഡി.എഫ്) 5.7 ശതമാനം പേരുടെയും പിന്തുണ നേടി.

സർവേക്കായി 7393 സാമ്പിളുകളാണ് അസമിൽനിന്ന് ശേഖരിച്ചത്. 2,32,44,454 ത്തോളം വോട്ടർമാരാണ് അസമിൽ ഉളളത്. ഇതിൽ 1,17,42,661 പേർ പുരുഷൻമാരും 1,14,43,259 പേർ സ്ത്രീകളുമാണ്. 442 പേർ ട്രാൻസ്‌ജെൻഡേഴ്സ് ആണ്.