
ന്യൂഡൽഹി: ബ്രിട്ടീഷ് കമ്പനിയായ കെയിൻ എനർജിക്ക് എതിരായ റെട്രോ ടാക്സ് (മുൻകാല പ്രാബല്യത്തോടെയുള്ള നികുതി) കേസിലേറ്റ തിരിച്ചടി ഒഴിവാക്കാൻ ഇന്ത്യ അപ്പീൽ നൽകി. നെതർലൻഡ്സിലെ ഹേഗിലുള്ള പാർലമെന്റ് കോർട്ട് ഒഫ് ആർബിട്രേഷനിലെ മൂന്നാംഗ ട്രൈബ്യൂണലിന്റെ വിധിക്കെതിരെയാണ് ഇന്ത്യ അപ്പീൽ സമർപ്പിച്ചത്.
കെയിൻ എനർജിയിൽ നിന്ന് ഏകദേശം 25,000 കോടി രൂപ മുൻകാല പ്രാബല്യത്തോടു കൂടിയ നികുതി ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കമാണ് കേസിലേക്ക് വഴിതെളിച്ചത്. ഇന്ത്യൻ സർക്കാരിന്റെ നടപടി ഇന്ത്യയും ബ്രിട്ടനും തമ്മിലെ ഉഭയകക്ഷി കരാറിന്റെ ലംഘനമാണെന്ന് കഴിഞ്ഞ ഡിസംബറിൽ പെർമനന്റ് കോർട്ട് ഒഫ് ആർബിട്രേഷൻ (പി.സി.എ) ചൂണ്ടിക്കാട്ടിയിരുന്നു. കെയിന് എനർജിക്ക് ഇന്ത്യ 140 കോടി ഡോളർ (10,260 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാട്ടി കെയിൻ എനർജി ബ്രിട്ടൻ, അമേരിക്ക, നെതർലൻഡ്സ്, കാനഡ, ഫ്രാൻസ് രാജ്യങ്ങളിലെ കോടതികളെ വീണ്ടും സമീപിച്ചു. ഈ കോടതികളെല്ലാം കെയിൻ എനർജിക്ക് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാരം ഇന്ത്യ ഉടൻ നൽകിയില്ലെങ്കിൽ ഈ രാജ്യങ്ങളിലെ ഇന്ത്യൻ സർക്കാരിന്റെ ആസ്തികൾ കണ്ടുകെട്ടാൻ സാദ്ധ്യതയുണ്ട്. ഇതുകണക്കിലെടുത്താണ് ഇന്ത്യ അപ്പീൽ സമർപ്പിച്ചത്.