kummanam-rajashekharan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ രണ്ട് മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് മേൽകൈ പ്രവചിച്ച് മനോരമ ന്യൂസ്-വിഎംആർ അഭിപ്രായ സർവേഫലം. നേമം, തിരുവനന്തപുരം മണ്ഡലങ്ങളിൽ എൻ.ഡി.എക്ക് വിജയസാദ്ധ്യതയുണ്ടെന്ന് സർവേഫലം പറയുന്നു. നേമത്ത് യു.ഡി.എഫിന് സ്ഥാനാർത്ഥിയാകുന്നതിന് മുൻപ് നടന്ന സർവേഫലമാണ് പുറത്ത് വന്നിരിക്കുന്നത്.


നേമത്ത് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനാണ് വിജയ സാദ്ധ്യതയെന്ന് സർവേ പ്രവചിക്കുന്നു. എന്നാൽ യു.ഡി.എഫിനു സ്ഥാനാർഥി ആകുന്നതിനു മുൻപാണു സർവേ നടന്നത് എന്നത് പ്രധാനമാണ്. നേമത്ത് യു.ഡി.എഫിനു വേണ്ടി കെ. മുരളീധരൻ എം.പിയും എൽ.ഡി.എഫിനുവേണ്ടി മുൻ എം.എൽ.എ വി. ശിവൻകുട്ടിയുമാണ് മത്സരിക്കുന്നത്. അരുവിക്കരയിലും കോവളത്തും അട്ടിമറി സാദ്ധ്യതയുണ്ടെന്നും സർവേ പറയുന്നുണ്ട്.

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ എൻ.ഡി.എയ്ക്ക് നേരിയ മുൻതൂക്കമെന്ന് സർവേ സൂചിപ്പിക്കുന്നു. കനത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ എൻ.ഡി.എ ഒന്നാമതും എൽ.ഡി.എഫ് രണ്ടാമതും യു.ഡി.എഫ് മൂന്നാമതും എന്നാണ് പ്രവചനം. തിരുവനന്തപുരത്ത് ബി.ജെ.പിക്കുവേണ്ടി നടൻ ജി. കൃഷ്ണകുമാറും യു.ഡി.എഫിനുവേണ്ടി സിറ്റിംഗ് എം.എൽ.എ വി.എസ്. ശിവകുമാറും എൽ.ഡി.എഫിനുവേണ്ടി മുൻ എം.എൽഎ ആന്റണിരാജുവുമാണ് മത്സരിക്കുന്നത്.