pinarayi-vijayan

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായുള്ള ധാരണാപത്രം സർക്കാരിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഇഎംസിസിയുമായുള്ള ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ ഒരു സ്വകാര്യ ചാനൽ പുറത്തുവിട്ടു.

കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നുവെന്നാണ് വിവരാവകാശ നിയമ പ്രകാരം ചാനലിന് ലഭിച്ച രേഖകളിൽ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കർ, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉൾനാടൻ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായി അമേരിക്കൻ കമ്പനി വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.

ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേദിവസം ദിനേശ് ഭാസ്‌ക്കർക്ക് സന്ദേശം ലഭിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ധാരണാപത്രം ഒപ്പിടുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. ഇതേദിവസം തന്നെ അഡീഷണൽ ചീഫ് സെക്രട്ടിറി ടികെ ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ധാരണപത്രത്തിന്റെ ഫയലിൽ കെഎസ്‌ഐൻഎസി എംഡി പ്രശാന്തിന്റെ കുറിപ്പിൽ ദിനേശ് ഭാസ്‌ക്കറുമായി ചർച്ച നടത്തിയതായും, ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്തേക്കുമെന്നും പറയുന്നുണ്ട്. പിആർഡി വഴി വാർത്താക്കുറിപ്പ് ഇറക്കിയാൽ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും നിർദ്ദേശിച്ചുവെന്ന് കുറിപ്പിലുണ്ടെന്നാണ് സൂചന.