
കൊച്ചി: അണികളിൽ ആവേശം നിറച്ച് തൃപ്പൂണിത്തുറയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റോഡ് ഷോ.രാവിലെ 11 മണിയോടെ നെടുമ്പാശേരിയിൽ നിന്ന് ഹെലികോപ്ടറിൽ ചോയ്സ് സ്കൂൾ ഗ്രൗണ്ടിലിറങ്ങിയ അമിത് ഷാ കാറിൽ കിഴക്കേകോട്ടയിലെത്തിയത് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യനൊപ്പം. ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയും കുന്നത്തുനാട് സ്ഥാനാർത്ഥിയുമായ രേണു സുരേഷ്, മണ്ഡലം ചുമതലയുള്ള കെ.വി.എസ്. ഹരിദാസ് എന്നിവർ സ്വീകരിച്ചു.
സംസ്ഥാനത്തെ അമിത് ഷായുടെ ആദ്യ പ്രചാരണ പരിപാടിയായിരുന്നു ഇത്. പൊരിവെയിലിൽ കാത്തിരുന്ന ആയിരങ്ങളുടെ ആരവങ്ങൾക്കിടയിൽ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചു - "നിങ്ങൾ ഇത് കണ്ടില്ലേ? ഈ ജനക്കൂട്ടത്തെയാണ് നിങ്ങൾ പകർത്തേണ്ടത്. തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഇനിയും സംശയമുണ്ടോ? കേരളത്തിലെ രണ്ട് മുന്നണികളും അഴിമതിയിൽ മുങ്ങി. എൻ.ഡി.എ ജയിക്കും. സംശയം വേണ്ട. സീറ്റുകളുടെ എണ്ണം പറയുന്നില്ല. രാജ്യത്ത് ഒരു കുറ്റകൃത്യം നടന്നാൽ യു.എൻ.ഏജൻസികളാണോ അന്വേഷിക്കേണ്ടത്? രാജ്യത്തെ ഏജൻസികൾ അന്വേഷിക്കും. സ്വർണക്കടത്ത് കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണോ? അദ്ദേഹത്തെ നിയമിച്ചത് മുഖ്യമന്ത്രിയാണോ? പിണറായി വ്യക്തമാക്കണം. ശബരിമല തിരഞ്ഞെടുപ്പിൽ ചർച്ചയാകും"- അമിത് ഷാ പറഞ്ഞു.
തുടർന്ന് സ്ഥാനാർത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ എന്നിവരോടൊപ്പം തുറന്ന വാഹനത്തിൽ പൂർണത്രയീശ സന്നിധിയിലേക്ക് റോഡ് ഷോ. പ്രവർത്തകരെയും റോഡിനിരുവശവും തടിച്ചുകൂടിയവരെയും അഭിവാദ്യം ചെയ്ത് നീങ്ങുന്നതിനിടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ കുറിച്ച് സ്ഥാനാർത്ഥിയോട് ചോദിച്ചറിഞ്ഞു. എണ്ണയിട്ട യന്ത്രം പോലെയെന്ന് സ്ഥാനാർത്ഥിയുടെ മറുപടി.ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ ഭഗവാനെ തൊഴുത് അമിത് ഷാ റോഡ് ഷോ അവസാനിപ്പിച്ചു. തുടർന്ന് ചോയ്സ് ഗ്രൗണ്ടിൽ എത്തി ഹെലികോപ്ടറിൽ കാഞ്ഞിരപ്പള്ളിയിലേക്ക്.