
തൃശൂർ: യുഡിഎഫ് പ്രചാരണ വേദികളിൽ സജീവമാണ് നടൻ രമേഷ് പിഷാരടി. കഴിഞ്ഞ ദിവസം തൃശൂർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയ നടനെ കെഎസ്‌യുവിന്റെ ജില്ലാ നേതാവ് 'വഴിതെറ്റിച്ചു'. വഴികാട്ടിയായും സഹായിയായും വണ്ടിയിൽ കയറിയതായിരുന്നു യുവ നേതാവ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൊഴുത്തിൽ കുത്ത് കാരണം നേതാവിന് മത്സരിക്കാൻ പറ്റാതിരുന്ന വാർഡിലേക്കായിരുന്നു ആദ്യ യാത്ര. സ്ഥാനാർത്ഥി സ്ഥലത്തെത്തുന്നതിന് മുൻപ് എത്തി, പിഷാരടി ചെറിയൊരു പ്രസംഗം നടത്തണമെന്നായിരുന്നു പാർട്ടി പ്രവർത്തകർ ആസൂത്രണം ചെയ്തത്. എന്നാൽ സ്ഥാനാർത്ഥിയെത്തി ഏറെ കഴിഞ്ഞാണ് നടനും സംഘവും സ്ഥലത്തെത്തിയത്. വഴി തെറ്റിപ്പോയതാണെന്നായിരുന്നു യുവ നേതാവിന്റെ മറുപടി.
രണ്ടാമത്തെ സ്ഥലത്തും ഇതുതന്നെ ആവർത്തിച്ചു.താൻ കളിച്ചുവളർന്ന മണ്ണാണെന്നും ഇനി വഴി തെറ്റില്ലെന്നും ഉറപ്പുനൽകിയതോടെ നേതാവിനെയും കൊണ്ട് പിഷാരടി യാത്ര തുടർന്നു. ഇത്തവണയും കറങ്ങിത്തിരിഞ്ഞ് എത്തുമ്പോഴേക്ക് ഏറെ വൈകി. പ്രസംഗത്തിനിടെ 'വഴി തെറ്റൽ സംഭവം' പിഷാരടി പറയുകയും ചെയ്തു.
പാതിവഴിയിൽ ഇറങ്ങി മുങ്ങിയ നേതാവ് എങ്ങനെ വീട്ടിലെത്തുമെന്ന ദു:ഖവും പിഷാരടി പങ്കുവച്ചു. ഇതുകേട്ട് ഒരു പ്രവർത്തകൻ പറഞ്ഞു 'ദാ ആ കാണുന്നതാണ് അവന്റെ വീട്'. ഇതോടെയാണ് യുവനേതാവിന് വഴി തെറ്റിയത് കളിച്ചുവളർന്ന മണ്ണിൽത്തന്നെയാണെന്ന് പിഷാരടിക്ക് മനസിലായത്.