covid-updation-

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ അരലക്ഷം പിന്നിട്ടതോടെ ആശങ്ക വീണ്ടും ഉയരുകയാണ്. 53,476 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടയില്‍ ഇതാദ്യമായി ഇത്രയും വലിയ പ്രതിദിന വര്‍ദ്ധനവ്. 26,490 പേര്‍ രോഗമുക്തരായപ്പോള്‍ 251 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,87,534 ആയി. 1,12,31,650 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,692 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,95,192 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,31,45,709 പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹര്യത്തില്‍ ഇക്കുറി മുംബൈ നഗരത്തില്‍ ഹോളി ആഘോഷിക്കുന്നത് അനുവദിക്കില്ലെന്ന് ബി.എം.സി. വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 28, 29 തീയതികളില്‍ ഹോളിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഒഴിവാക്കും. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മഹാരാഷ്ട്രയില്‍ ഓരോ പ്രദേശവും ലോക്ഡൗണിലേക്ക് പോകുകയാണ്. ബീഡ് ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ നാലുവരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പര്‍ഭനിയിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ പാല്‍ഘര്‍, ഔറംഗാബാദ്, നാഗ്പുര്‍ എന്നിവിടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ബീഡില്‍ ജില്ലാ അധികാരികളാണ് ബുധനാഴ്ച പ്രഖ്യാപനം നടത്തിയത്.

മഹാരാഷ്ട്രയില്‍ ഇന്നലെ 31,855 പുതിയ കൊവിഡ് കേസുകളും 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 25,64,881 ആയി ഉയര്‍ന്നു. 15,098 പേര്‍ക്ക് അസുഖം ഭേദമായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 22,62,593 ആയി. ആകെ മരണം 53,684. നിലവില്‍ 2,47,299 പേരാണ് ചികിത്സയില്‍ കഴിയുന്നത്.