pinarayi-vijayan

കൊല്ലം: ഫിഷറീസ് വകുപ്പിനും സർക്കാരിനുമെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് ആക്ഷേപങ്ങൾ എല്ലാ ഘട്ടത്തിലും ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സമൂഹം സ്വീകരിക്കുന്നുണ്ടോയെന്നാണ് നോക്കേണ്ടത്. സർക്കാർ ചെയ്‌ത കാര്യങ്ങളിൽ സമൂഹം പൂർണ തൃപ്‌തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് ലത്തീൻ സഭ പുറത്തിറക്കിയ ഇടയലേഖനത്തെപ്പറ്റിയുളള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്ന രേഖകൾ വലിയ കാര്യമല്ലേയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ പെടുത്താൻ നോക്കുന്നത് നല്ലൊരു കാര്യമാണ്. ഇതിന്റെ ഭാഗമായി നേരത്തെ തന്നെയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഒന്നും അത്ര രഹസ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശം വലിയ തോതിൽ സർക്കാർ നടപടികളെ അനുകൂലിക്കുന്നുണ്ട്. ഇത് തങ്ങളുടെ വോട്ട് ബാങ്ക് നഷ്‌ടപ്പെട്ടുമോയെന്ന ആശങ്ക ഒരു കൂട്ടർക്കുണ്ടാക്കുന്നു. തീരദേശത്തുളളവർ വികാരപരമായി ചിന്തിക്കുന്നവരാണ്. സർക്കാർ തെറ്റായ നടപടികൾ സ്വീകരിക്കുന്നുവെന്ന ബോദ്ധ്യം അവർക്കിടയിൽ ഉണ്ടാക്കാനുളള ശ്രമം നടന്നു. ചുരുക്ക പേരിൽ അറിയപ്പെടുന്ന ദലാളന്മാർ അടക്കം ഇതിൽ ഇടപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

വിദേശത്തുളള മലയാളികളിൽ നല്ല രീതിയിൽ വ്യവസായം നടത്തുന്നവരുണ്ട്. എന്നാൽ അതല്ലാത്ത ചിലരുണ്ട്. അവർ തത്ക്കാലത്തേക്ക് ഒരു കോട്ടും വാങ്ങിയിട്ട് കേരളത്തിലേക്ക് വരാറുണ്ട്. ബന്ധപ്പെട്ട സെക്രട്ടറിമാരെ കാണാനാണ് ഇങ്ങനെയുളളവരോട് താൻ പറയുന്നത്. അങ്ങനെയുളള ഒരു കൂട്ടരാണ് ഇ എം സി സി.

'നിങ്ങൾ പറയുന്ന മഹാന് ഔദ്യോഗിക സ്ഥാനത്തിരുന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടാം. എന്നാൽ അയാൾ എത്രമാത്രം മെനക്കെട്ടിട്ടുണ്ടെന്ന് നോക്കണം. അയാൾ ഇടപെട്ടതു കൊണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കളങ്കപ്പെടുത്താനാകില്ലെന്നും' എൻ പ്രശാന്തിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.