
ന്യൂഡൽഹി: കേരളത്തിലെ 11 ജില്ലകളിൽ കൊവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം (എൻ 440 കെ) കണ്ടെത്തി. സൂക്ഷിച്ചില്ലെങ്കിൽ മാരക പ്രത്യാഘാതം ഉണ്ടാക്കാൻ കഴിവുള്ളതാണ് ഈ വൈറസുകളെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാനും സാദ്ധ്യതയുമുണ്ട്. കൊവിഡ് ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരിൽ പോലും പുതിയ രോഗം ഉണ്ടായേക്കാം. പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുൻ വൈറസിനെതിരെ നേടിയ പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല എന്നാണ് ഏറെ ശ്രദ്ധേയം.പത്ത് ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യമായ ‘ഇൻസാകോഗ്(INSACOG-ഇന്ത്യൻ സാർസ് കോ വി-2 കൺസോർഷ്യം ഓഫ് ജീനോമിക്സ്) ആണ് കേരളത്തിലെ ജില്ലകളിൽ കണ്ടെത്തിയ പുതിയ വൈറസ് വകദേദത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
സംസ്ഥാനത്തെ 14 ജില്ലകളിൽനിന്നും ശേഖരിച്ച 2032 സാംപിളുകളിൽ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് വൈറസ് വകഭേദം കണ്ടത്. ബ്രിട്ടൻ, ഡെൻമാർക്ക്, സിങ്കപ്പൂർ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകൾ പരിശോധിച്ചതിൽ 771 വകഭേദങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. 736 സംപിളുകളിൽ ബ്രിട്ടീഷ് വൈറസ് വകഭേദത്തിന്റെയും 34 സാംപിളുകളിൽ ദക്ഷിണാഫ്രിക്കൻ വകഭേദത്തിന്റെയും പിന്തുടർച്ചയുണ്ട്. ബ്രിസീലിയൻ വകഭേദമുള്ള ഒരു സാംപിളും കണ്ടെത്തി.അടുത്തിടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടിയതിന് കാരണം ഈ വകഭേദങ്ങളെ തുടർന്നാണോ എന്നതിൽ വ്യക്തത് വന്നിട്ടില്ല.
കൊവിഡിന്റെ തുടക്കത്തിൽ ഉണ്ടായിരുന്നതുപോലുള്ള കടുത്ത ജാഗ്രത ഇനിയും തുടർന്നാൽ മാത്രമേ പുതിയ വൈറസ് ഉയർത്തുന്ന ഭീതിയിൽ നിന്ന് രക്ഷപ്പെടാനാവൂ. കേരളത്തിൽ ഉൾപ്പടെ പലസംസ്ഥാനങ്ങളിലും ഇപ്പോൾ ജാഗ്രത പഴയതുപോലില്ല. ശരിയായ രീതിയിൽ മാസ്ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്യുന്നില്ല.