ooman-chandy

കൊച്ചി: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് എതിരെ തെളിവൊന്നുമില്ലെന്ന് റിപ്പോർ‌ട്ട് നൽകി ക്രൈംബ്രാഞ്ച്. ഇതോടെ കേസ് സിബിഐയ്‌ക്ക് വിട്ട സംസ്ഥാന സർക്കാർ വെട്ടിലായിരിക്കുകയാണ്. ഉമ്മൻചാണ്ടിക്കും മ‌റ്റ് യുഡിഎഫ് നേതാക്കൾക്കുമെതിരായ കേസ് ഈയിടെയാണ് സർക്കാർ സിബിഐയ്‌ക്ക് വിട്ടത്. സംഭവദിവസം പരാതിക്കാരി പറയുംപോലെ ഉമ്മൻചാണ്ടി ക്ളിഫ്‌ ഹൗസിൽ ഉണ്ടായിരുന്നില്ല. പരാതിക്കാരി എത്തിയതിനും തെളിവൊന്നുമില്ലെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

2018ൽ പരാതിക്കാരി നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സർക്കാരിനെ കേസിന്റെ സ്ഥിതിവിവര റിപ്പോർട്ട് അറിയിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ ജോസ് നൽകിയ റിപ്പോർട്ടിലാണ് ഉമ്മൻചാണ്ടിക്കെതിരെ തെളിവൊന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങൾ നടന്നെന്ന് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പറയുന്നത്. 2012 സെപ്‌തംബർ 19ന് വൈകിട്ട് 4മണിക്ക് ക്ളിഫ്‌ഹൗസിൽ വച്ച് ഉമ്മൻചാണ്ടി തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരി ആരോപിച്ചത്. എന്നാൽ അന്ന് ക്ളിഫ്‌ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങൾ, ജീവനക്കാർ,പൊലീസുകാർ, വന്ന മ‌റ്റ് ആളുകൾ ഇവരെ വിശദമായി ചോദ്യം ചെയ്‌തതിന്റെയും പരാതിക്കാരിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ നിലപാടിലെത്തിയത്.

മൊബൈൽ രേഖകൾ ഏഴ് വർഷം മുൻപുള‌ളത് നൽകാൻ കമ്പനികൾക്ക് സാധിക്കാത്തതിനാൽ ആ വിവരങ്ങൾ ലഭ്യമല്ല. ഇതിനാലാണ് കേസ് സിബിഐയ്‌ക്ക് വിടാൻ ശുപാർശ ചെയ്‌തതെന്നാണ് റിപ്പോർട്ടിലുള‌ളത്. രണ്ടര വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.