
ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ കയറ്റുമതി താൽക്കാലികമായി നിർത്തിവച്ച് ഇന്ത്യ. രാജ്യത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്നലെ അരലക്ഷത്തോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ലോകത്തെ തന്നെ ഏറ്റവും വലിയ വാക്‌സിൻ നിർമാതാക്കളായ പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്ര സെനിക്ക വാക്സിന്‍ കയറ്റുമതി ഇന്ത്യ നിര്‍ത്തിയെന്നും, രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നടപടിയെന്നു വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.
190 രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന വഴിയും ഇന്ത്യ വാക്‌സിൻ നൽകിയിരുന്നു. വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് വാക്‌സിൻ കയറ്റുമതി നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നാണ് ഇതിൽ പറയുന്നത്.