
മോഹൻലാൽ ആദ്യമായി സംവിധാകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജ നടന്നത്. മമ്മൂട്ടിയും പൃത്ഥ്വിരാജും ഉൾപ്പടെ വൻ താരനിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
കാക്കനാട് നവോദയ സ്റ്റുഡോയിൽ വച്ച് നടന്ന ചടങ്ങിൽ മോഹൻലാലിന്റെ ഭാര്യ സുചിത്ര സംസാരിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. താൻ ഇവിടെ സംസാരിക്കുന്നത് ചേട്ടന്(മോഹൻലാൽ) തന്നെ വലിയ സർപ്രൈസായിരിക്കുമെന്ന ആമുഖത്തോടെയാണ് താരപത്‌നി സംസാരിച്ചു തുടങ്ങിയത്.
'നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ് അദ്ദേഹം അദ്യമായി അഭിനയിക്കുന്നത്. അന്നൊക്കെ വെറുപ്പായിരുന്നു.വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തെ വെറുപ്പായിരുന്നു.ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ. നവോദയയുടെ തന്നെ 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന ചിത്രം മുതലാണ് ഞാൻ അദ്ദേഹത്തെ സ്‌നേഹിച്ചു തുടങ്ങുന്നത്.പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല.ഞങ്ങൾ വിവാഹിതരായി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം'-സുചിത്ര പറഞ്ഞു.