
കൊച്ചി:രാജ്യാന്തര വിപണിയിൽ എണ്ണവില നാമമാത്രമായി കൂടിയാലുടൻ ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റുപോലെ കുതിച്ചുയരും. എന്നാൽ എണ്ണയ്ക്ക് വൻതോതിൽ വിലയിടിഞ്ഞാലും ഇന്ധനവിലയിൽ ഉണ്ടാവുന്നത് നാമമാത്രമായ കുറവും. എണ്ണക്കമ്പനികളുടെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ലാഭക്കൊതിതന്നെയാണ് ഇതിന് മുഖ്യകാരണം. അസംസ്കൃത എണ്ണവില രണ്ടാഴ്ചയ്ക്കുള്ളിൽ 10 ശതാനത്തിലേറെ കുറഞ്ഞപ്പോഴും രാജ്യത്തെ ഇന്ധനവില കുറഞ്ഞത് വെറും 39 പൈസമാത്രമാണ്. കഴിഞ്ഞവർഷം ക്രൂഡ് ഓയിലിന്റെ വില 20 ഡോളർവരെ കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യമൊന്നും ജനങ്ങൾക്ക് ലഭിച്ചില്ല. എന്നാൽ കഴിഞ്ഞ ഒക്ടോബർ മുതൽ എണ്ണവില ഉയർന്നുതുടങ്ങിയതോടെ രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടിത്തുടങ്ങി. രണ്ട് മാസംകൊണ്ടുതന്നെ പെട്രോൾ ഡീസൽ വിലകൾ റെക്കോഡ് മറികടക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്തംബറിനുശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധനവിലയിൽ ഇളവുലഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം 24 ദിവസമായി രാജ്യത്ത് ഇന്ധനവിലയിൽ മാറ്റം വരുത്തിരുന്നില്ല. ഇക്കാലയളവിൽ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വർദ്ധന രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വോട്ട് മുന്നിൽക്കണ്ടാണ് വിലയിൽ മാറ്റംവരുത്താതെന്ന് പല കോണുകളിൽ നിന്നും ആക്ഷേപം ഉയർന്നിരുന്നു.
രാജ്യാന്തരവിപണിയിൽ എണ്ണവിലകുറയുമ്പോൾ അതിന്റെ പ്രയോജനം ഇന്ത്യക്കാർക്ക് ലഭിക്കാത്തതിനുള്ള പ്രധാനകാരണം കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും നികുതിയാണ്. കൊവിഡ് പ്രതിസന്ധിമൂലം വരുമാനമില്ലാതെ ജനങ്ങൾ നട്ടംതിരിഞ്ഞപ്പോഴും ഈ നികുതി കുറയ്ക്കാൻ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരുകളോ ശ്രമിച്ചതുമില്ല. കൊവിഡ് കാലത്ത് നടപ്പാക്കിയതുൾപ്പടെയുള്ള ജനക്ഷേമപ്രവർത്തങ്ങൾക്കായുള്ള പണം കണ്ടെത്തുന്നത് ഇതിൽ നിന്നാണെന്ന ന്യായമായിരുന്നു ബന്ധപ്പെട്ടവർക്ക് പറയാനുണ്ടായിരുന്നത്. ജനങ്ങളെ പരമാവധി പിഴിഞ്ഞതോടെ എണ്ണക്കമ്പനികളുടെ ലാഭവിഹിതം കുമിഞ്ഞുകൂടി.
പെട്രോൾ ഡീസൽ വിലകൾ കുതിച്ചുയർന്നതോടെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് ആകെ തകർന്നു. ഇതിനിടെ പാചകവാതകത്തിനും വിലകൂടിയത് ഇരുട്ടടിയായി. പക്ഷേ, കാണേണ്ടവർ അതൊന്നും കണ്ടില്ലെന്നുമാത്രം.
ഒരുവേള പ്രെട്രോളിനെയും ഡീസലിനെയും ജി എസ് ടിയുടെ പരിധിയിൽ കൊണ്ടുവരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും അത് കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞു. അതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഇപ്പോൾ എണ്ണവിലയിലുണ്ടായ ഇടിവ് താൽക്കാലികം മാത്രമാണെന്നാണ് കരുതുന്നത്. ചില രാജ്യങ്ങളിൽ കൊവിഡ് വ്യാപനം വീണ്ടും ശക്തമാകുന്നതും വാക്സിൻ വിതരണം പ്രതീക്ഷിച്ച വേഗം കൈവരിക്കാനാവാത്തതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ വീണ്ടും കർശമാക്കിയാൽ എണ്ണയ്ക്ക് ഡിമാൻഡ് കുറയുമോ എന്ന ആശങ്കയും ഉണ്ട്.