sc

ന്യൂഡൽഹി: സൈന്യത്തിൽ വനിതകൾക്ക് സ്ഥിരം കമ്മീഷൻ ലഭിക്കാൻ ആവശ്യപ്പെടുന്ന മെഡിക്കൽ ഫിറ്റ്‌നസ് മാനദണ്ഡങ്ങൾ ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി. സൈന്യത്തിൽ സ്ഥിരം കമ്മീഷന് വേണ്ടി 80 ഓളം വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിലാണ് വിധി.

പുരുഷന്മാർ, പുരുഷന്മാർക്ക് വേണ്ടി സൃഷ്ടിച്ചതാണ് നമ്മുടെ സമൂഹത്തിന്റെ ഘടനയെന്ന് കോടതി വിമർശിച്ചു.കോടതിയുടെ മുൻ വിധി പാലിച്ചില്ലെന്ന് ആരോപണ നേരിടുന്നവർക്കെതിരെ നടപടി ഉണ്ടായേക്കും.

ഒരുപാട് വനിതാ ഓഫീസർമാർ നിരവധി അവാർഡുകൾ നേടിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നവരെ അവഗണിച്ചതായും കോടതി കണ്ടെത്തി. വിധിന്യായത്തിൽ സ്ത്രീകൾ നേടിയ നേട്ടങ്ങളുടെ വിശദമായ പട്ടിക നൽകിയിട്ടുണ്ട്

സൈന്യത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീം കോടതി കഴിഞ്ഞവർഷം ഉത്തരവിട്ടിരുന്നു. നാവികസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലെ എല്ലാ വനിതാ ഉദ്യോഗസ്ഥര്‍ക്കും സ്ഥിരം കമ്മീഷന്‍ പദവികള്‍ നല്‍കാന്‍ 2010-ല്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതിരോധമന്ത്രാലയം നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.

സ്ത്രീകളുട ശാരീരിക സവിശേഷതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ എതിര്‍പ്പിനെ കോടതി നിരാകരിച്ചിരുന്നു. സര്‍ക്കാരിന്റെ മനഃസ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.