tent-pegging

ഒരു ടൂർണമെന്റ് നടക്കുമ്പോൾ ടീമിൽ ആളെത്തികയ്ക്കാൻ ഒന്നോ രണ്ടോ പേരെ എവിടെ നിന്നെങ്കിലും ഉൾപ്പെടുത്തുന്നത് നാട്ടിൻപുറത്ത് സാധാരണമാണ്. എന്നാൽ ഒരു ലോകകപ്പ് യോഗ്യതാ ടൂർണമെന്റ് നടക്കുമ്പോൾ മറ്റൊരു രാജ്യത്തിന്റെ പേരിൽ സ്വന്തം കളിക്കാരെ പേരുമാറ്റി ഒരു ടീമിനെത്തന്നെ ഇറക്കുകയെന്നുവച്ചാൽ...ഇങ്ങനെയൊരു തട്ടിപ്പിനാണ് ഡൽഹിയിൽ അടുത്തിടെ നടന്ന ടെന്റ് പെഗ്ഗിംഗ് ലോകകപ്പ് യോഗ്യതാ ടൂർണമെന്റ് സാക്ഷ്യം വഹിച്ചത്.

കുതിരകളെ ഉപയോഗിച്ചുള്ള ഇക്വിസ്റ്റേറിയൻ എന്ന കായിക ഇനത്തിന്റെ വകഭേദമാണ് ടെന്റ് പെഗ്ഗിംഗ്. ഏഷ്യൻ രാജ്യങ്ങളിലെ കുതിരപ്പട്ടാളക്കാരുടെ കായിക വിനോദമായിരുന്ന ടെന്റ് പെഗ്ഗിംഗ് 1982 മുതൽ ഏഷ്യൻ ഒളിമ്പിക് അസോസിയേഷൻ അംഗീകരിച്ച കായിക മത്സരം കൂടിയാണ്.ഇന്ത്യ,പാകിസ്ഥാൻ,ഒമാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളെക്കൂടാതെ അമേരിക്ക,ഇസ്രയേൽ,ദക്ഷിണാഫ്രിക്ക,കാനഡ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഈ കായിക ഇനത്തിന് പ്രചാരമുണ്ട്.

ഈ മാസം 16 മുതൽ 18 വരെയാണ് ലോകകപ്പ് യോഗ്യതാ റൗണ്ട് ടൂർണമെന്റ് ഡൽഹിക്ക് അടുത്ത് ഗ്രേറ്റർ നോയ്ഡയിൽ അരങ്ങേറിയത്. ഇന്ത്യ,പാകിസ്ഥാൻ, ബെലറൂസ്,യു.എസ്.എ, നേപ്പാൾ എന്നിങ്ങനെ അഞ്ച് രാജ്യങ്ങളാണ് പങ്കെടുത്തത്. മെഡലുകൾ വാരിക്കൂട്ടി ഇന്ത്യ ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു. പാകിസ്ഥാൻ രണ്ടാം സ്ഥാനത്തും നേപ്പാൾ മൂന്നാമതുമെത്തി. എന്നാൽ പിന്നീട് പുറത്തുവന്ന വാർത്തകളാണ് വലിയൊരു തട്ടിപ്പിലേക്ക് വെളിച്ചം വീശിയത്.

ടൂർണമെന്റിൽ നേപ്പാളിനായി പങ്കെടുത്തവരൊന്നും നേപ്പാളുകാർ ആയിരുന്നില്ലത്രേ!. ഇന്ത്യക്കാരെയാണ് നേപ്പാളിന്റെ കുപ്പായമിടീച്ച് അവതരിപ്പിച്ചത്. നേപ്പാളിചുവ വരുന്ന രീതിയിൽ കളിക്കാരുടെ പേരിന്റെ സ്പെല്ലിംഗിൽ മാറ്റം വരുത്തുകയും ചെയ്തു. ടൂർണമെന്റ് ലോകകപ്പ് യോഗ്യതയ്ക്കായി പരിഗണിക്കണമെങ്കിൽ ചുരുങ്ങിയത് അഞ്ച് രാജ്യങ്ങളെയെങ്കിലും പങ്കെടുപ്പിക്കണം എന്ന മാനദണ്ഡം പാലിക്കാൻ വേണ്ടിയായിരുന്നത്രേ ഇൗ കടുംകൈ.ഏതായാലും സംഗതി പുറത്തുവന്നതോടെ ഇന്ത്യൻ ടെന്റ് പെഗ്ഗിംഗ് ഫെഡറേഷനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഇന്റർനാഷണൽ ഫെഡറേഷൻ.