
തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ പ്രധാന പ്രചാരണ വിഷയമാകുന്ന തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചും അത് കൃത്യസമയത്ത് വിതരണം ചെയ്തും പിണറായി സര്‍ക്കാര്‍ ജനപ്രീതി നേടിയപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം ക്ഷേമപെന്‍ഷനും ഭക്ഷ്യകിറ്റിനും മുന്നില്‍ ഒന്നുമല്ലാതെയായി. പ്രതിപക്ഷവും ഇക്കാര്യം സമ്മതിക്കും. ഇതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിക്കാന്‍ മുന്നണികള്‍ മത്സരിക്കുന്ന കാഴ്ച കേരളം കാണാന്‍ ഇടവന്നത്.
എല്ലാ മുന്നണികളുടെയും പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം ക്ഷേമപെന്‍ഷനുകളുടെ വര്‍ദ്ധനവ് തന്നെയായിരുന്നു. നിലവില്‍ 1600 രൂപയായ ക്ഷേമപെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 യില്‍ എത്തിക്കുമെന്ന് എല്‍.ഡി.എഫും 3000 രൂപയാക്കുമെന്ന് യു.ഡി.എഫും 3500 ആക്കുമെന്ന് എന്‍.ഡി.എയും പറയുന്നു. ഈ പ്രഖ്യാപനങ്ങള്‍ക്കിടയിലും ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും കുറവില്ല. ക്ഷേമപെന്‍ഷനുകളില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ അവരുടെതായ പങ്കു വഹിച്ചുവെന്നതാണ് വസ്തുത.
1980 ലെ ഇ.കെ നായനാര്‍ സര്‍ക്കാരാണ് കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ തുടങ്ങിയത്. വാര്‍ഷികവരുമാനം 1500 രൂപയില്‍ കവിയാത്ത 60നുമേല്‍ പ്രായമുള്ള കര്‍ഷകത്തൊഴിലാളികള്‍ക്ക് 45 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കിയായിരുന്നു തുടക്കം. അന്ന് 2.94 ലക്ഷം പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചു. 1987ലെ രണ്ടാം നായനാര്‍ സര്‍ക്കാര്‍ പെന്‍ഷന്‍ 60 രൂപയാക്കി. 1995 ഓഗസ്റ്റില്‍ ദേശീയ സാമൂഹ്യ സഹായപദ്ധതി (എന്‍എസ്എപി)യുടെ ഭാഗമായാണ് വാര്‍ദ്ധക്യ പെന്‍ഷന്‍ വരുന്നത്. 75 രൂപയായിരുന്നു ആദ്യപെന്‍ഷന്‍. ഇന്ന് വര്‍ദ്ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അന്‍പത് വയസ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ എന്നിങ്ങനെ ആറിനം ക്ഷേമപെന്‍ഷനുകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്നത്.
വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ 13.8ലക്ഷം പേര്‍ക്ക് പ്രതിമാസം 300 രൂപയാണ് ക്ഷേമപെന്‍ഷന്‍ നല്‍കിയത്. 2011ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍കാരുടെ എണ്ണം 34 ലക്ഷമാക്കി. നിലവില്‍ അന്‍പത് ലക്ഷത്തിലധികം പേര്‍ ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2014യില്‍ വിധവ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസു കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ 800 രൂപയാക്കി. 80 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ളവര്‍ക്കു നല്കുന്ന വികലാംഗ പെന്‍ഷന്‍ 1,100 രൂപയും 80 വയസിനു മുകളിലുള്ളവര്‍ക്ക് നല്‍കുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍ 1,200 രൂപയുമായി. 2016ല്‍ 75 വയസു കഴിഞ്ഞവരുടെ വാര്‍ദ്ധക്യകാല പെന്‍ഷന്‍ കുത്തനെ കൂട്ടി 1500 രൂപയാക്കി.
ഇടതുസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ എല്ലാ പെന്‍ഷനുകളും ഏകീകരിച്ച് 1000 രൂപയാക്കിയപ്പോള്‍ 1100 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വികലാംഗര്‍ക്കും 1500 രൂപ പെന്‍ഷന്‍ വാങ്ങിയിരുന്ന വയോജനങ്ങള്‍ക്കും നഷ്ടം സംഭവിച്ചുവെന്നും ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിര്‍ത്തലാക്കിയതോടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം നിലച്ചുവെന്നും യു.ഡി.എഫ് ആരോപിക്കുന്നു. അതേസമയം 18 മാസത്തെ കുടിശ്ശികയാക്കിയാണ് ഉമ്മന്‍ചാണ്ടി അധികാരമൊഴിഞ്ഞതെന്ന് എല്‍.ഡി.എഫ് ചൂണ്ടികാട്ടുന്നു. പാവപ്പെട്ട പെന്‍ഷന്‍കാരുടെ 806 കോടി രൂപ കുടിശ്ശിക നല്‍കിയത് പിണറായി സര്‍ക്കാരാണെന്നും അവര്‍ പറയുന്നു. പോസ്‌റ്റോഫീസ് വഴി എത്തിയിരുന്ന പെന്‍ഷനുകള്‍ ജനങ്ങളുടെ കൈയില്‍ നേരിട്ടും അവരുടെ ബാങ്ക് അകൗണ്ടുകളില്‍ കൃത്യസമയത്ത് എത്തിച്ചും പിണറായി സര്‍ക്കാര്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തുണയായത്. ഇതുമനസിലാക്കി തന്നെയാണ് ക്ഷേമപെന്‍ഷന്‍ കേന്ദ്രീകരിച്ച് മുന്നണികള്‍ പ്രകടനപത്രികകള്‍ തയ്യാറാക്കിയത്.